കോഴിക്കോട്: കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദാക്കിയതിന്നെ തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ. ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. പകരം വിമാനം ഏർപ്പെടുത്തിയിട്ടില്ല. പണം വേഗം മടക്കി നൽകണമെന്ന ആവശ്യവും സ്പൈസ് ജെറ്റ് എയർവേയ്സ് അംഗീകരിക്കുന്നില്ലെന്നാണ് പരാതിയുണ്ട്.
സ്പൈസ് ജെറ്റ് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് യാത്രക്കാരൻ ഷുഹൈബ് മൂന്നിയൂർ പറഞ്ഞു. മൂന്ന് ദിവസത്തേക്ക് ഇനി വിമാനമില്ലെന്നാണ് പറയുന്നത്. ബോർഡിങ് പാസ് എടുത്തശേഷമാണ് വിമാനം റദ്ദാക്കുന്നത്. ഒരു സൗകര്യവും നൽകിയില്ലെന്നും ഷുഹൈബ് പറയുന്നു. പലതവണ സമയം മാറ്റിയശേഷമാണ് ഇന്ന് പുലർച്ച പോകുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. പണം തിരികെ നൽകാൻ 20 ദിവസം വരെ വേണമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായി.