രണ്ടു മാസം കൂടുമ്പോഴുള്ള വൈദ്യുതിബില്ലിന് പകരം മാസം തോറും ബിൽ ഈടാക്കാനുള്ള കാര്യത്തിൽ കെ.എസ്.ഇ.ബി. സാധ്യത തേടുന്നു. ഉപഭോതാക്കൾക്ക് സ്വന്തമായി റീഡിങ് നടത്തി ബിൽ അടക്കാനുള്ള സൗകര്യവും (സെല്‍ഫ് മീറ്റര്‍ റീഡിങ്) ഉണ്ടാകും. സ്പോട്ട് ബില്ലിനൊപ്പം ക്യൂ. ആർ. കോഡ് ഏർപ്പെടുത്തി ഉടൻ പേയ്മെന്‍റ് നടത്തുന്ന സൗകര്യവും താമസിക്കാതെ നിലവിൽ വരും.
ഉപഭോക്താക്കൾക്ക് ബില്ലിംഗ് എളുപ്പമാക്കാൻ ഉള്ള ആലോചനയുടെ ഭാഗമായാണ് കെഎസ്ഇബി ഇത്തരം പുതിയ കാര്യങ്ങൾ പരിഗണിക്കുന്നത്. രണ്ടുമാസം തോറും ഉള്ള ബില്ലിന് പകരം പ്രതിമാസം ബില്ലിടാകണം എന്നുള്ളത് ഉപഭോക്താക്കൾ ഏറെ കാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. 200 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗം കടന്നാൽ തുടർന്നുള്ള ഓരോ യൂണിറ്റിനും 8 രൂപ 20 പൈസ ഇടാക്കിയിരുന്നു. രണ്ടുമാസത്തെ ബില്ലാകുമ്പോൾ പലർക്കും ഉയർന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസം ആയാൽ അമിത ബിൽ ഒഴിവാക്കാം എന്നതാണ് ഗുണം.
ഇതെങ്ങനെ നടപ്പാക്കാം എന്നതിനെപ്പറ്റിയുള്ള വിവിധ മാർഗങ്ങൾ ആണ് കെ.എസ്.ഇ.ബി. ആലോചിക്കുന്നത്. നിലവിൽ ഒരു മീറ്റർ റീഡിങ്ങിനായി ശരാശരി 9 രൂപയാണ് കെ.എസ്.ഇ.ബി ചെലവാക്കുന്നത് പ്രതിമാസം ആകുമ്പോൾ ഇതിന്റെ ഇരട്ടി തുക ചിലവാക്കേണ്ടി വരും. കൂടാതെ അധികം ജീവനക്കാരെയും നിയമിക്കണം. ഈ സാഹചര്യത്തിൽ ചെലവുകുറക്കാൻ ഉപഭോക്താക്കളെ കൊണ്ട് തന്നെ മീറ്റർ റീഡിങ്ങിന് സൗകര്യം ഏർപ്പെടുത്താനാണ് ആദ്യ ആലോചന. ഉപഭോക്താക്കൾക്ക് അതാത് സെക്ഷൻ ഓഫീസുകളിൽ വിവരം കൈമാറി ബില്ലടയ്ക്കാം. ഇതിനായി കസ്റ്റമർ കെയർ, വാട്സ് ആപ്പ് ഗ്രൂപ്പ് സേവനങ്ങളും ഏർപ്പെടുത്തും. പ്രതിമാസ ബിൽ അമിത കുടിശ്ശിക ഒഴിവാക്കാനും ബാധ്യത കുറയ്ക്കാനും ഇത് കെഎസ്ഇബിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
STORY HIGHLIGHT: kseb electricity bill