ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കും അല്ലാതെ വീഡിയോഗ്രാഫി പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തലെന്നും ഹൈക്കോടതി വിമർശിച്ചു.
കൃഷ്ണ ഭക്തയെന്ന് അവകാശപ്പെടുന്ന മുസ്ലിം ചിത്രകാരി ജസ്‌ന സലിം ക്ഷേത്ര പരിസരത്ത് പിറന്നാള്‍ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് ഭക്തരായ രണ്ടുപേർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ.
മതപരമായ ചടങ്ങുകൾക്ക് ഒഴികെയുള്ള ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിലെ വീഡിയോഗ്രാഫി പൂർണ്ണമായി നിരോധിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സെലിബ്രിറ്റികളെ അനുഗമിച്ചു വരുന്ന ബ്ലോഗർമാരുടെ വീഡിയോഗ്രാഫിക്കും കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കിഴക്കേ നടയിലെ ദീപസ്തംഭത്തിന്റെ സമീപത്ത് കൂടിയുള്ള ക്ഷേത്രത്തിന്റെ ഉൾവശം ചിത്രീകരിക്കുന്നതും കോടതി തടഞ്ഞു.
ഭക്തരെ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ക്ഷേത്രം മാനേജിങ് കമ്മിറ്റി കൈക്കൊള്ളണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി.
ഗുരുവായൂർ ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടണമെന്നും ക്ഷേത്രത്തിന്റെ മതപാരമ്പര്യങ്ങൾ ലംഘിക്കപ്പെടരുതെന്നും ജസ്‌ന സലീമിനെതിരെ നടപടിയെടുക്കണമെന്നും ആയിരുന്നു ഹർജിയിൽ. ഇതിന് അനുബന്ധമായ വീഡിയോയും ഹർജിക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു.
STORY HIGHLIGHT: guruvayur temple