കൊച്ചി: ബെംഗളൂരുവില്‍ ഇലക്ട്രിക്ക് വാഹന (ഇവി) ചാര്‍ജിങ് സ്റ്റേഷനുകളുടെ ശൃംഖല നിര്‍മിക്കുന്നതിനായി സഹകരിക്കുന്ന വ്യവസായ പങ്കാളികള്‍ ചേര്‍ന്ന് കാലാവസ്ഥ പ്രതിജ്ഞയില്‍ (ക്ലൈമറ്റ് പ്ലെഡ്ജ്) പുതിയ സംയുക്ത പദ്ധതി ജൂള്‍ (ജോയിന്‍റ് യൂണിഫൈയിങ് ലാസ്റ്റ് മൈല്‍ ഇലക്ട്രിഫിക്കേഷന്‍അവസാന മൈല്‍ വൈദ്യുതീകരണം ഏകീകരിക്കുന്ന സംയുക്ത പ്രവര്‍ത്തനം) പ്രഖ്യാപിച്ചു. 2019ല്‍ ആമസോണും ഗ്ലോബല്‍ ഒപ്റ്റിമിസവും ചേര്‍ന്ന് 2040ഓടെ കാര്‍ബണ്‍ പുറംതള്ളല്‍ പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് കാലാവസ്ഥ പ്രതിജ്ഞ.
പ്രതിജ്ഞയില്‍ ഒപ്പിട്ടവരും പങ്കാളികളും ചേര്‍ന്ന് 2030ഓടെ 2.65 മില്ല്യന്‍ യുഎസ് ഡോളറിലധികം നിക്ഷേപിക്കും. ആമസോണ്‍, മഹീന്ദ്ര ലോജിസ്റ്റിക്സ്, ഊബര്‍, എച്ച്സിഎല്‍ടെക്ക്, മജെന്ത മോബിലിറ്റി എന്നിവര്‍ ചേര്‍ന്ന് ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ നന്നായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് അവരുടെ ഇവി ശ്രേണികളുടെ ചാര്‍ജിങ് ആവശ്യതകള്‍ സംയോജിപ്പിക്കുകയും ചെയ്യും. ഇന്ത്യ ആസ്ഥാനമായുള്ള ഇവി ചാര്‍ജിങ് പ്ലാറ്റ്‌ഫോമും വ്യവസായ പങ്കാളിയുമായ കസം ചാര്‍ജിങ് സ്റ്റേഷനുകളുടെ ശൃംഖല നിര്‍മ്മിക്കും. പുനരുപയോഗ ഊര്‍ജ ദാതാക്കളായ ഗ്രീന്‍കോയും സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പങ്കാളിയായ ഡെലോയിറ്റും പദ്ധതിയെ പിന്തുണയ്ക്കും.