കൊച്ചി: വിജയ് മസാല ബ്രാന്‍ഡിനോട് സാമ്യതയുള്ള പേരില്‍ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നത് എറണാകുളം ജില്ലാ കോടതി സ്‌റ്റേ ചെയ്തു. വിജയ് മസാല ബ്രാന്‍ഡിന്റേതിന് സമാനമായ പേരില്‍ മറ്റൊരു കമ്പനി ഉത്പന്നങ്ങള്‍ വിപണിയിലിറക്കുകയും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബ്രാന്‍ഡ് ഉടമകളായ മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹര്‍ജി പരിഗണിച്ച കോടതി എതിര്‍കക്ഷികളായ മൂലന്‍സ് എക്‌സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ, മാര്‍ഗരറ്റ് വര്‍ഗീസ് മൂലന്‍, വര്‍ഗീസ് മൂലന്‍, വിജയ് മൂലന്‍, ബ്രാന്‍ഡ് അംബാസിഡര്‍ നടന്‍ ആസിഫ് അലി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.
വിജയ് മസാല ഇനി മറ്റൊരു പേരിലായിരിക്കും വിപണിയിലെത്തുക എന്ന പേരില്‍ ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യം വന്നിരുന്നു. ബ്രാന്‍ഡ് അംബാസിഡര്‍ ആസിഫ് അലി തന്നെയായിരുന്നു പരസ്യത്തില്‍ അഭിനയിച്ചത്. ഇതേ തുടര്‍ന്നാണ് ആസിഫ് അലിക്കും കോടതി നോട്ടീസ് അയച്ചത്.
ഉപഭോക്താക്കള്‍ക്കിടയില്‍ വിജയ് ബ്രാന്‍ഡിനുള്ള സ്വീകാര്യത മുതലെടുക്കാനുള്ള ചിലരുടെ നീക്കമാണ് ബ്രാന്‍ഡ് നെയിം ദുരുപയോഗം ചെയ്യുന്നതിന് പിന്നിലെന്നും ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചുകൊണ്ട് ബിസിനസ് നേടാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കോടതിയുടെ സ്‌റ്റേയെന്നും മൂലന്‍സ് ഗ്രൂപ്പ് പറഞ്ഞു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ വിശ്വസ്ത മസാല ബ്രാന്‍ഡാണ് വിജയ്. ഈ വിശ്വാസ്യതയുടെ മറവില്‍ പുതിയ ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ചിലര്‍ നടത്തുന്നതെന്നും മാനേജ്‌മെന്റ് പറഞ്ഞു.
അങ്കമാലി കേന്ദ്രമായി 1985 ൽ ദേവസി മൂലൻ തൻ്റെ മക്കളുമായി ചേർന്ന് ആരംഭിച്ച മൂലന്‍സ് ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമാണ് മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്‌സിം. ഇവരുടെ കീഴിലുള്ള വിജയ് ബ്രാന്‍ഡ് സുഗന്ധ വ്യഞ്ജനങ്ങള്‍, മസാലകള്‍, അച്ചാറുകള്‍,അരിപ്പൊടി, മറ്റു കേരള-ഇന്ത്യന്‍ ഭക്ഷ്യ ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്.
STORY HIGHLIGHT: Court stay on distribution of product with name similar to Vijay Masala brand