ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ. രാം നാഥ് കോവിന്ദ് അധ്യക്ഷനായ കമ്മിറ്റി നല്കിയ റിപ്പോർട്ടാണ് കേന്ദ്രമന്ത്രി സഭ അംഗീകരിച്ചത്. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
കഴിഞ്ഞമാസം നടത്തിയ തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്’ വേണ്ടി രാജ്യം മുന്നോട്ട് വരണമെന്ന് ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നും അതിന്റെ ആദ്യപടിയായി 100 ദിവസത്തിനുള്ളില്‍ തദ്ദേശഭരണതെരഞ്ഞെടുപ്പ് നടത്തണമെന്നും ഈ വര്‍ഷം മാര്‍ച്ചില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ എപ്പോള്‍ മുതല്‍ ഇത് നടപ്പാക്കണമെന്ന കാര്യം സമിതി വ്യക്തമാക്കിയിട്ടില്ല. സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് പരിശോധിക്കാന്‍ ഒരു ‘ഇംപ്ലിമെന്റേഷന്‍ സംഘ’ത്തിന് രൂപം നല്‍കാനും നിര്‍ദേശിച്ചിരുന്നു. 18 ഭരണഘടനാ ഭേദഗതികളാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. അവയില്‍ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ല. എന്നാല്‍, പാര്‍ലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ഇതിന് ആവശ്യമാണ്.
content highlight: one-nation-one-election