ഇന്ത്യയിലെ രണ്ടാമത്തെ ഹൈ ആൾട്ടിട്ട് ക്രിക്കറ്റ് സ്റ്റേഡിയം ആണു സമുദ്രനിരപ്പിൽ നിന്നും 2100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വയനാട്ടിലെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം. -4780 അടി – ഹിമാചൽപ്രദേശിലെ ധരംശാലയിലെ HPCA സ്റ്റേഡിയമാണ് ഇത്. സ്റ്റേഡിയത്തിനും പരിസരങ്ങൾക്കുമായി 4.4 ഹെക്ടർ വിസ്തൃതിയുണ്ട്. 5000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്.
കോഴിക്കോട് – കൊല്ലഗൽ ദേശീയപാത 766 ൽ, കൽപ്പറ്റയ്ക്കും ബത്തേരിയ്ക്കുമിടയിൽ കൃഷ്ണഗിരിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞാൽ കയ്യെത്തും ദൂരത്തിൽ ഈ സ്റ്റേഡിയമുണ്ട്. ബസിൽ വരുന്നവർക്ക് കൃഷ്ണഗിരി സ്‌റ്റോപ്പിൽ ഇറങ്ങിയോ കാൽനടയായോ ഓട്ടോ പിടിച്ചോ ഒക്കെ ഇവിടെയെത്താം. സ്റ്റേഡിയത്തിലേയ്ക്കുള്ള പ്രവേശനം എല്ലാവർക്കും സൗജന്യമാണ്. 2013 ൽ ഉദ്ഘാടനം ചെയ്ത ഈ സ്റ്റേഡിയത്തിൽ ചില അന്താരാഷ്ട്ര ക്രിക്കറ്റ് മാച്ചുകൾ വരെ നടന്നിട്ടുണ്ട്. ഇപ്പോൾ പ്രധാനമായും ക്രിക്കറ്റ് പരിശീലനമാണു ഇവിടെ നടക്കുന്നത്.
കൃഷ്ണഗിരിയുടെ ഉച്ചിയിൽ നിന്നാൽ 360 ഡിഗ്രിയിൽ വയനാടിന്റെ വിഹഗവീക്ഷണം ലഭിക്കും. മുന്നിലെ പച്ചപ്പരവതാനിയ്ക്കുമപ്പുറം ആകാശപ്പന്തലിനിട്ട നെടുംതൂൺ പോലെ കൊളഗപ്പാറയുണ്ട് . മരങ്ങളുടെ ഫ്രെയിമിനുള്ളിലെ ഫാൻറം റോക്കിന്റെ പോർട്രെയിറ്റ് ചിത്രവും ഇടയ്ക്കൽ ഗുഹയുടേയും അമ്പുകുത്തിയുടേയും ഗോപുരങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ഇവിടെ കാണാം. കാരാപ്പുഴയിലെ ടവറുകളും ചെമ്പ്ര കൊടുമുടിയും കാഴ്ചയുടെ മറ്റൊരു ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു.
പിന്നിൽ പുൽപ്പള്ളിയുടെ കാർഷിക സമൃദ്ധിയും കബനീതടങ്ങളുടെ ഹരിതവിശാലതയും.രാവിലെ 6 മണിക്കു തുറന്നു വൈകിട്ട് ഏഴുമണിക്കേ സ്റ്റേഡിയം അടയ്ക്കുക ഉള്ളു.. വെയിലാറിയിട്ടു ചെന്നാൽ ചെമ്മാനങ്ങളുടെ മനോഹാരിത കാണാം . നട്ടുച്ചയ്ക്ക് , വറചട്ടിയിൽ കിടന്നു വയനാടൻ കാറ്റു കൊള്ളുന്ന ഫീൽ ആയിരിക്കും.
Story Highlights ; wayanad krishnagiri cricket stadium