Travel

കൃഷ്ണഗിരി കാഴ്ചകളുടെ പെരുമ ഒന്ന് അറിയേണ്ടത് തന്നെയാണ്

കാരാപ്പുഴയിലെ ടവറുകളും ചെമ്പ്ര കൊടുമുടിയും കാഴ്ചയുടെ മറ്റൊരു ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു

ഇന്ത്യയിലെ രണ്ടാമത്തെ ഹൈ ആൾട്ടിട്ട് ക്രിക്കറ്റ്‌ സ്റ്റേഡിയം ആണു സമുദ്രനിരപ്പിൽ നിന്നും 2100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വയനാട്ടിലെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം. -4780 അടി – ഹിമാചൽപ്രദേശിലെ ധരംശാലയിലെ HPCA സ്റ്റേഡിയമാണ് ഇത്. സ്റ്റേഡിയത്തിനും പരിസരങ്ങൾക്കുമായി 4.4 ഹെക്ടർ വിസ്തൃതിയുണ്ട്. 5000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്.

കോഴിക്കോട് – കൊല്ലഗൽ ദേശീയപാത 766 ൽ, കൽപ്പറ്റയ്ക്കും ബത്തേരിയ്ക്കുമിടയിൽ കൃഷ്ണഗിരിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞാൽ കയ്യെത്തും ദൂരത്തിൽ ഈ സ്റ്റേഡിയമുണ്ട്. ബസിൽ വരുന്നവർക്ക് കൃഷ്ണഗിരി സ്‌റ്റോപ്പിൽ ഇറങ്ങിയോ കാൽനടയായോ ഓട്ടോ പിടിച്ചോ ഒക്കെ ഇവിടെയെത്താം. സ്റ്റേഡിയത്തിലേയ്ക്കുള്ള പ്രവേശനം എല്ലാവർക്കും സൗജന്യമാണ്. 2013 ൽ ഉദ്ഘാടനം ചെയ്ത ഈ സ്റ്റേഡിയത്തിൽ ചില അന്താരാഷ്ട്ര ക്രിക്കറ്റ് മാച്ചുകൾ വരെ നടന്നിട്ടുണ്ട്. ഇപ്പോൾ പ്രധാനമായും ക്രിക്കറ്റ് പരിശീലനമാണു ഇവിടെ നടക്കുന്നത്.

കൃഷ്ണഗിരിയുടെ ഉച്ചിയിൽ നിന്നാൽ 360 ഡിഗ്രിയിൽ വയനാടിന്റെ വിഹഗവീക്ഷണം ലഭിക്കും. മുന്നിലെ പച്ചപ്പരവതാനിയ്ക്കുമപ്പുറം ആകാശപ്പന്തലിനിട്ട നെടുംതൂൺ പോലെ കൊളഗപ്പാറയുണ്ട് . മരങ്ങളുടെ ഫ്രെയിമിനുള്ളിലെ ഫാൻറം റോക്കിന്റെ പോർട്രെയിറ്റ് ചിത്രവും ഇടയ്ക്കൽ ഗുഹയുടേയും അമ്പുകുത്തിയുടേയും ഗോപുരങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ഇവിടെ കാണാം. കാരാപ്പുഴയിലെ ടവറുകളും ചെമ്പ്ര കൊടുമുടിയും കാഴ്ചയുടെ മറ്റൊരു ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു.
പിന്നിൽ പുൽപ്പള്ളിയുടെ കാർഷിക സമൃദ്ധിയും കബനീതടങ്ങളുടെ ഹരിതവിശാലതയും.രാവിലെ 6 മണിക്കു തുറന്നു വൈകിട്ട് ഏഴുമണിക്കേ സ്റ്റേഡിയം അടയ്ക്കുക ഉള്ളു.. വെയിലാറിയിട്ടു ചെന്നാൽ ചെമ്മാനങ്ങളുടെ മനോഹാരിത കാണാം . നട്ടുച്ചയ്ക്ക് , വറചട്ടിയിൽ കിടന്നു വയനാടൻ കാറ്റു കൊള്ളുന്ന ഫീൽ ആയിരിക്കും.
Story Highlights ; wayanad krishnagiri cricket stadium