India

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം; ദൗത്യം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത് 36 മാസത്തിനകം | chandrayaan-4-venus-mission

ന്യൂഡൽഹി: വമ്പൻ ബഹിരാകാശ ദൗത്യങ്ങൾക്ക് അനുമതി നൽകി കേന്ദ്രമന്ത്രിസഭ. ചന്ദ്രയാൻ-4 നും ശുക്രനിലേക്കുള്ള ദൗത്യത്തിനും ഗഗൻയാന്റെ ഭാഗമായുള്ള ഭാരതീയ അന്തരീക്ഷ നിലയത്തിനുമാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും ഭൂമിയിൽ എത്തിക്കുകയാണ് ചന്ദ്രയാൻ നാലിന്റെ ലക്ഷ്യം. ഇത് കൂടാതെ ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ വികസനം, വിക്ഷേപണ വാഹന വികസനം തുടങ്ങിയവയ്‌ക്കും കേന്ദ്രം അനുമതി നൽകി.

‘ചന്ദ്രയാൻ 4’ ദൗത്യത്തിന്റെ വിക്ഷേപണം രണ്ടുഘട്ടങ്ങളായിട്ടായിരിക്കും നടത്തുകയെന്ന് ഐഎസ്ആർഒ ചെയർമാൻ ആർ സോമനാഥ് നേരത്തേ വ്യക്തമാക്കിയിരുന്നു. ‘ചന്ദ്രയാൻ 4ന്റെ’ ഭാഗങ്ങൾ രണ്ട് ഘട്ടങ്ങളിലായി ബഹിരാകാശത്ത് എത്തിച്ചശേഷം അവിടെവച്ച് സംയോജിപ്പിക്കുകയും ചന്ദ്രനിലേക്കുള്ള യാത്ര തുടരുകയും ചെയ്യും.

ഐഎസ്ആർഒയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റിന് വഹിക്കാനാവുന്നതിനേക്കാൾ കൂടുതലാണ് ‘ചന്ദ്രയാൻ 4ന്റെ’ ഭാരം എന്നതിനാലാണ് ഇത്തരത്തിൽ രണ്ടുഘട്ടങ്ങളിലായി വിക്ഷേപണം നടത്തുന്നത്. വിവിധ ബഹിരാകാശ പേടകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ദൗത്യം നേരത്തേയും നടന്നിട്ടുണ്ടെങ്കിലും ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നത് ആദ്യമായാണ്.

‘ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നതിനുള്ള ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്പെയ്ഡെക്സ് എന്ന് പേരിട്ടിട്ടുള്ള ദൗത്യം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.

content highlight: chandrayaan-4-venus-mission