മലപ്പുറം: കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. രോഗലക്ഷണങ്ങളോടെ ഇയാൾ മലപ്പുറത്ത് ചികിത്സയിൽ തുടരുകയായിരുന്നു. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരുകളും നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്താണ് എംപോക്സ്?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. തീവ്രത കുറവാണെങ്കിലും 1980-ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958-ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ എംപോക്സ് ആദ്യമായി കണ്ടെത്തിയത്.
content highlight: mpox