വാഗമണില്‍ ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്. ഇവയില്‍ പലതും സഞ്ചാരികള്‍ സ്ഥിരമായി പോകുന്ന ഇടങ്ങളാണ്. എന്നാല്‍ അധികമാരും എത്തിപ്പെടാത്ത ഒരു വെളളച്ചാട്ടമാണ് പാലൊഴുകും പാറ. വാഗമണ്ണില്‍ എത്തി പൈന്‍ ഫോറസ്റ്റും മൊട്ടക്കുന്നും പുല്‍മേടും ചില്ലുപാലവും അഡ്വഞ്ചര്‍ പാര്‍ക്കുമൊക്കെ കണ്ട് സഞ്ചാരികള്‍ മടങ്ങാറാണ് പതിവ്. എന്നാല്‍ അടുത്ത യാത്രയില്‍ ഇവിടം മിസ്സ് ചെയ്യരുത്. സഞ്ചാരികള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണിവിടം.പേര് പോലും മറ്റ് വെളളച്ചാട്ടങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. ഇതിന്റെ ഒഴുക്ക് തന്നെയാണ് ഇത്തരമൊരു പേര് വരാന്‍ കാരണം. പാല്‍ പതഞ്ഞൊഴുകുന്നതു പോലെ വെള്ളം മുകളില്‍ നിന്നും താഴേക്ക് പതിക്കുന്നതിനാലാണ് ഈ പേര് ലഭിച്ചത്. രണ്ട് മലകള്‍ ചേരുന്ന ഇടുക്കിനുള്ളിലൂടെ, ചാലുകീറി വിട്ടപോലെ താഴേക്ക് പതഞ്ഞൊഴുകിയാണ് വെളളം വരുന്നത്. പ്രദേശവാസികള്‍ക്കിടയില്‍ ഇവിടം അറിയപ്പെടുന്നത് വാഗമണ്‍ വെള്ളച്ചാട്ടം എന്ന പേരിലാണ്.
നൂറ്റമ്പതോളം അടി ഉയരത്തില്‍ നിന്നാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്. മറ്റ് വെള്ളച്ചാട്ടങ്ങള്‍ പോലെ കുത്തിയൊലിച്ച് രൗദ്രഭാവത്തില്‍ അല്ല ഈ വെള്ളച്ചാട്ടത്തിന്റെ പതനം. പകരം പാല്‍ പതഞ്ഞ് ഒഴുകുന്നത് പോലെയാണ് വെള്ളം താഴേക്ക് പതിക്കുന്നത്. പര്‍വ്വതനിരയെപ്പോലെ ഭീമമായ പാറത്തട്ടുകളുടെ ആകൃതിയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കാലവര്‍ഷം കനത്തതോടെ മലനിരകളില്‍ തങ്ങുന്ന വെള്ളം ചാലുകീറി താഴേക്ക് തട്ട്തട്ടായി പതിക്കുകയാണിവിടെ. ഇതിനു ചുറ്റിലും പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയും കാണാം.പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്കെത്താന്‍ ടൗണില്‍ നിന്നും അരമണിക്കൂര്‍ യാത്രയേ വേണ്ടിവരൂ. വാഗമണ്‍ ടൗണില്‍ നിന്ന് സഞ്ചരിച്ച് പൈന്‍മരക്കാടിന് മുന്നിലുള്ള വഴിയിലൂടെ പോയി ഏലപ്പാറ റോഡില്‍ കയറിയാല്‍ പാലൊഴുകും പാറയിലേക്കുള്ള സൈന്‍ ബോര്‍ഡ് കാണാം. ശേഷം മൂന്നു കിലോമീറ്ററാണ് ഏലപ്പാറയില്‍ നിന്നും പാലൊഴുകുംപാറയിലേക്ക് സഞ്ചരിക്കേണ്ടത്. പോകുന്ന വഴി തേയിലക്കാടും മൊട്ടക്കുന്നും ഒക്കെ മതിവരുവോളം ആസ്വദിക്കുകയും ചെയ്യാം.
STORY HIGHLIGHTS: Palozhukum Para, Vagamon