കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി. ശാസ്താംകോട്ട കോടതിയാണ് ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയത്.ഇതോടെ നെയ്യാറ്റിൻകര സ്വദേശിനിയായ ശ്രീക്കുട്ടി റിമാൻഡിൽ തുടരും.
ഒന്നാം ഒന്നാം പ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മൽ റിമാൻഡിലാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷയിൽ നാളെ വാദം കേൾക്കും. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
ആനൂർക്കാവ് പഞ്ഞിപുല്ലും വിളയിൽ കുഞ്ഞുമോൾ (47) ആണ് മരിച്ചത്. കുഞ്ഞുമോളെ കാറിടിച്ചിട്ടിട്ടും ശരീരത്തിലൂടെ കാർ കയറ്റി മുന്നോട്ടെടുക്കാൻ അജ്മലിന് നിർദേശം നൽകിയത് ശ്രീക്കുട്ടിയായിരുന്നു. തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷയിൽ നാളെ വാദം കേൾക്കും. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
അജ്മലും ശ്രീക്കുട്ടിയും മദ്യലഹരിയിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അജ്മലിൻറെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
അതേസമയം, അജ്മൽ ഓടിച്ച കെഎൽ 23 ക്യു 9347 നമ്പറിലുള്ള കാർ അപകടത്തിൽ പെടുമ്പോൾ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. അതായത് അപകടം നടക്കുന്ന സമയം കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അപകടശേഷം രാത്രിയോടെയാണ് ഓൺലൈൻ വഴി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു ഇൻഷുറൻസ് എടുക്കുന്നത്. പ്രതിയായ മുഹമ്മദ് അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ. കാർ ഉടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കേസിൽ റിമാൻഡിൽ കഴിയുന്ന അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.