ബെയ്റൂത്ത്: ലബനാനിലെ പേജർ സ്ഫോടനത്തിന് പിന്നിൽ ഇസ്രായേലാണെന്ന് റിപ്പോർട്ട്. മൊസാദും ഇസ്രായേൽ സൈന്യവും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷൻ്റെ ഫലമായിരുന്നു സ്ഫോടനമെന്ന് സിഎൻഎൻ റിപ്പോർട്ടു ചെയ്തു. പേജറുകളുടെ ഒരു ബാച്ചിനുള്ളിൽ ഇസ്രായേൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.
തായ്വാനിലെ തായ്പേ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗോൾഡ് അപ്പോളോ സ്ഥാപനത്തിൽ നിന്നുമാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങിയത്. എന്നാൽ പേജറുകൾ നിർമിച്ചത് തങ്ങളുടെ സ്ഥാപനമല്ലെന്നാണ് ഗോൾഡ് അപ്പോളോയുടെ പ്രതികരണം. സ്ഫോടനത്തിൽ തകർന്ന പേജറുകൾ നിർമിച്ചത് യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണെന്നും തങ്ങളുടെ ബ്രാൻഡിന്റെ പേര് മാത്രമാണ് പേജറിലുണ്ടായതെന്നും ഗോൾഡ് അപ്പോളോ സ്ഥാപകൻ ഹ്സു ചിംഗ്-കുവാങ് പറഞ്ഞു.
മൊബൈൽ ഫോൺ വഴി നടത്തുന്ന ആശയവിനിമയങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഹിസ്ബുള്ള പേജറുകൾ ഉപയോഗിച്ചു തുടങ്ങിയത്. മൊസാദ് പേജറുകളുടെ നിർമാണഘട്ടത്തിൽതന്നെ മോഡിക്കേഷൻ നടത്തിയിരിക്കാമെന്നാണ് ലെബനീസ് വൃത്തങ്ങൾ പറയുന്നത്. സ്ഫോടകവസ്തു അടങ്ങിയ ബോർഡ് പേജറുകൾക്കുള്ളിൽ സ്ഥാപിച്ചു. ഹിസ്ബുള്ള നേതൃത്വത്തിന്റെ സന്ദേശം പേജറുകളിലെത്തിയതോടെ നിർദേശങ്ങൾ കൈമാറുന്നതിന് പകരം സ്ഫോടകവസ്തു അടങ്ങിയ ബോർഡ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഹിസ്ബുള്ള പറയുന്നത്.
മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്ഫോടക വസ്തുക്കൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ പേജറുകളിൽ മൂന്ന് ഗ്രാം സ്ഫോടകവസ്തുവാണ് സൂക്ഷിച്ചതെന്നും മാസങ്ങളോളം ഇത് ഹിസ്ബുല്ലക്ക് കണ്ടെത്താൻ സാധിച്ചില്ലെന്നും ലബനാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.
സ്ഫോടനത്തിൽ ഇതുവരെ ഒമ്പത് പേർ കൊല്ലപ്പെടുകയും 2,800ഓളം പേർക്ക് പരിക്കേറ്റതായും ലെബനാൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 170ഓളം പേർ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഫോടനത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. എന്നാൽ ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ലെബനാനും ഹിസ്ബുലയും ആരോപിച്ചു. ‘ഇസ്രായേൽ ഭീകരത’യെന്നാണ് ഇറാൻ അക്രമത്തെ വിമർശിച്ചത്.