മിലാൻ: ഇറ്റാലിയൻ ഫുട്ബാൾ ഇതിഹാസം സാൽവതോർ ഷില്ലാച്ചി (59) അന്തരിച്ചു. ‘ടോട്ടോ’ എന്ന വിളിപ്പേരുള്ള ഷില്ലാച്ചി അർബുദ ബാധിതനായി മിലാനിലെ പലെർമോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങുന്നത്.
1988–89ലെ ഇറ്റാലിയൻ സീരി ബിയിൽ ടോപ് സ്കോററായതോടെയാണു താരത്തിന്റെ കരിയറിൽ വഴിത്തിരിവായത്. യുവെന്റസിൽ ചേർന്ന താരം 1989–90 സീസണിൽ കോപ്പ ഇറ്റാലിയയും യുവേഫ കപ്പും വിജയിച്ചു. 1990 ലെ ലോകകപ്പിൽ ഇറ്റലിക്കു വേണ്ടി സബ്സ്റ്റിറ്റ്യൂട്ടായി കളിക്കാനിറങ്ങിയ ഷില്ലാച്ചി ആറു ഗോളുകള്‍ അടിച്ചുകൂട്ടി ലോകകപ്പിലെ ടോപ് സ്കോററായി, മികച്ച താരത്തിനുള്ള ഗോൾഡന്‍ ബൂട്ടും കരസ്ഥമാക്കി. സെമി ഫൈനലിൽ അർജന്റീനയ്ക്കെതിരെയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയും താരം ഗോൾ നേടിയിരുന്നു. അർജന്റൈൻ ഇതിഹാസം ഡീഗോ മറഡോണ, ജർമനിയുടെ ലോതർ മത്തേയസ് എന്നിവരെ മറികടന്നാണ് ഷില്ലാച്ചി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
1990 ലെ ബലോൻ ദ് ഓറില്‍ ലോതർ മതവൂസിന് പിന്നിലായി രണ്ടാം സ്ഥാനത്തെത്താൻ ഷില്ലാച്ചിക്കു സാധിച്ചു. 1994ൽ ഇന്റർ മിലാനിൽ ചേർന്ന താരം അവിടെയും യുവേഫ കപ്പ് വിജയിച്ചു. ജപ്പാനിലെ ജെ ലീഗിൽ കളിച്ച ആദ്യ ഇറ്റാലിയൻ താരമാണ് ഷില്ലാച്ചി. 1997ൽ ജുബിലോ ഇവാറ്റയുടെ താരമായ ഷില്ലാച്ചി ടീമിനെ ലീഗ് ചാംപ്യൻമാരാക്കി. 1999ലാണ് പ്രഫഷനൽ ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്.
2022ലാണ് താരത്തിന് അർബുദം സ്ഥിരീകരിക്കുന്നത്. രോഗം മുർച്ഛിച്ചതിനെ തുടർന്ന് സെപ്റ്റംബറിലാണ് ഷില്ലാച്ചിയെ പലെർമോ സിവികോ അശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ഇറ്റലിക്കാരുടെയും കായിക പ്രേമികളുടെയും ഹൃദയത്തിൽ കുടിയേറിയ ഒരു ഫുട്ബാൾ ഇതിഹാസം നമ്മെ വിട്ടുപോയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി എക്സിൽ പോസ്റ്റ് ചെയ്തു.