അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ച രോഗിയുടെ കുടുംബാംഗങ്ങളോട് ചെരിപ്പ് പുറത്തിടാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് മര്‍ദ്ദനം. ശനിയാഴ്ച ഗുജറാത്തിലെ ഭാവ്‌നഗറിലെ സിഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ഡോക്ടര്‍ക്ക് മർദ്ധനമേറ്റത്. തലയ്ക്ക് പരിക്കേറ്റ സ്ത്രീയുടെ ചികിത്സയ്ക്കായി പ്രതികള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം. ആക്രമണം നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അത്യാഹിത വിഭാഗത്തിനുള്ളിലെ സിസിടിവിയില്‍ പതിഞ്ഞ വീഡിയോയില്‍, കട്ടിലില്‍ സ്ത്രീയുടെ അരികില്‍ കുറച്ച് പുരുഷന്മാര്‍ നില്‍ക്കുന്നത് കാണാം. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, ഡോക്ടര്‍ ജയ്ദീപ്‌സിന്‍ ഗോഹില്‍ മുറിയില്‍ പ്രവേശിച്ച് അവരുടെ പാദരക്ഷകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ എന്തോ മറുപടികള്‍ നല്‍കിയ പ്രതികള്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്. ഡോക്ടര്‍ ചെരിപ്പ് മാറ്റിയിടാന്‍ വീണ്ടും ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഒരാള്‍ ഡോക്ടറെ തള്ളിയിട്ട് മര്‍ദ്ധിക്കുകയായിരുന്നു, അയ്യാള്‍ക്കൊപ്പം മറ്റു രണ്ടു പേര്‍ കൂടി ഡോക്ടറെ ആക്രമിച്ചു. മറ്റൊരാള്‍ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും കാണാം. ഇതിനിടയില്‍ കട്ടിലില്‍ കിടക്കുന്ന സ്ത്രീയും മുറിയില്‍ ഉണ്ടായിരുന്ന നഴ്‌സിംഗ് സ്റ്റാഫും ഇടപെടാന്‍ ശ്രമിച്ചപ്പോഴും അവര്‍ അവനെ മര്‍ദ്ദിച്ചുകൊണ്ടിരുന്നു. മുറിയിലുണ്ടായിരുന്ന മരുന്നുകളും മറ്റ് ഉപകരണങ്ങളും സംഘര്‍ഷത്തില്‍ നശിച്ചു. പ്രതികളായ ഹിരേന്‍ ദംഗര്‍, ഭവദീപ് ദംഗര്‍, കൗശിക് കുവാഡിയ എന്നിവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 115 (2) (ഏതൊരാള്‍ക്കും മുറിവേല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തി), 352 (സമാധാന ലംഘനം നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂര്‍വം അപമാനിക്കല്‍) 351 (3) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ മാസം കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റസിഡന്റ് ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെയാണ് ആക്രമണം. ഡോക്ടര്‍മാരെയോ മറ്റു മെഡിക്കല്‍ സ്റ്റാഫുകളുടെയോ ജോലി തടസപ്പെടുത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ സാധിക്കും.