ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വെള്ളിയാഴ്ച പുനരാരംഭിക്കാന്‍ തീരുമാനം. നിലവില്‍ കാലാവസ്ഥ അനുകൂലമാണെന്ന നിഗമനത്തിലാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ ഘടിപ്പിച്ച ടഗ് ബോട്ട് കാർവാർ തീരം വിട്ടു. നാളെ രാവിലെ 9 മണിയോടെ ഗംഗാവലിയിലെ പുതിയ പാലം സ്ഥിതി ചെയ്യുന്ന മഞ്ജുഗുണിയിൽ ബോട്ട് എത്തും എന്നാണ് കണക്ക് കൂട്ടൽ. വേലിയിറക്ക സമയത്ത് ബോട്ട് പാലം കടത്തി വിടും. വൈകിട്ട് 6 മണിക്കുള്ള വേലിയിറക്ക സമയത്ത് തിരയുടെ ഉയരം 06 മീറ്റർ ആയിരിക്കും എന്നാണ് കണക്ക് കൂട്ടൽ. ഇതിനാലാണ് വൈകിട്ട് മാത്രം ബോട്ട് പാലം കടത്തി വിടാൻ തീരുമാനിച്ചത്. രാത്രി വൈകി രണ്ട് പാലങ്ങളും കടന്നാൽ മറ്റന്നാൾ രാവിലെയോടെ ടഗ് ബോട്ട് ഷിരൂരിൽ എത്തും. അങ്ങനെയെങ്കിൽ മറ്റന്നാൾ തെരച്ചിൽ വീണ്ടും തുടങ്ങാൻ കഴിയും.
ഇരുപത്തിയെട്ടര മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള, മൂന്നടി വരെ വെള്ളത്തിന്‍റെ അടിത്തട്ടിൽ മണ്ണെടുക്കാൻ കഴിയുന്ന ഡ്രഡ്‍ജറാണ് ഗോവൻ തീരത്ത് നിന്ന് ഇന്ന് ഉച്ചയോടെ കാർവാർ തുറമുഖത്ത് എത്തിച്ചത്. ഇന്നലെ വൈകിട്ട് ഡ്രഡ്‍ജർ എത്തുമെന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും കടലിൽ ശക്തമായ കാറ്റുണ്ടായിരുന്നതിനാലും മത്സ്യത്തൊഴിലാളികളുടെ വലയും മറ്റും മാറ്റാൻ കാത്ത് നിന്നതിനാലുമാണ് വരവ് വൈകിയത്.