Recipe

മുട്ടക്കറി കഴിച്ച് മടുത്തോ? എങ്കില്‍ തയ്യാറാക്കി നോക്കൂ ഫ്രൈഡ് എഗ്ഗ് കറി

പലഹാരങ്ങളുടെ ഒപ്പം മിക്കപ്പോഴും വീടുകളില്‍ തയ്യാറാക്കുന്ന ഒരു വിഭവമാണ് മുട്ടക്കറി. പലരുടെയും പ്രിയപ്പെട്ട വിഭവം കൂടിയാണിത്. എന്നാല്‍ എല്ലാ തവണയും ഒരേപോലെ മുട്ടക്കറി ഉണ്ടാക്കി മടുത്തവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു പുത്തന്‍ റെസിപ്പിയാണ് ഫ്രൈഡ് എഗ്ഗ് കറി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫ്രൈഡ് മുട്ടക്കറി വീട്ടില്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • മുട്ട
  • എണ്ണ
  • ഉപ്പ്
  • ജീരകം
  • വെളുത്തുള്ളി
  • സവാള
  • പച്ചമുളക്
  • മഞ്ഞപ്പൊടി
  • മുളകുപൊടി
  • മല്ലിപ്പൊടി
  • ചിക്കന്‍ മസാല
  • തക്കാളി
  • മല്ലിയില

തയ്യാറാക്കുന്ന വിധം;

ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് ചൂടായി വരുമ്പോഴേക്കും ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. മുട്ടയുടെ ഉണ്ണി പൊട്ടാതെ നോക്കണം. അതിലേക്ക് അല്‍പം ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ത്ത് വെന്തുവരുമ്പോള്‍ തിരിച്ചിടുക. ശേഷം ഇത് പാത്രത്തിലേക്ക് മാറ്റി വെയ്ക്കാം.

ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് ജീരകം, വെളുത്തുള്ളി, സവാള അരിഞ്ഞത്, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. സവാള നല്ല ബ്രൗണ്‍ കളര്‍ ആകുമ്പോഴേക്കും അതിലേക്ക് മഞ്ഞപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചിക്കന്‍ മസാല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഈ സമയത്ത് ഇതിലേക്ക് തക്കാളി പേസ്റ്റ് പരുവത്തില്‍ അരച്ചെടുത്ത കൂട്ട് കൂടി ചേര്‍ത്തു കൊടുക്കണം.

ഇതൊന്നു കുക്കായി വരുമ്പോഴേക്കും ഇതിലേക്ക് അല്‍പം ചൂടുവെള്ളം ചേര്‍ത്ത് കൊടുക്കുക. വെള്ളമയം വറ്റി കഴിയുമ്പോള്‍ ഇതിലേക്ക് നമ്മള്‍ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൈഡ് എഗ്ഗ് ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞതും മല്ലിയിലയും കൂടി ചേര്‍ത്ത് കൊടുക്കാം. നല്ല രുചിയുള്ള ഫ്രൈഡ് എഗ്ഗ് കറി തയ്യാര്‍.

STORY HIGHLIGHTS: Fried Egg Curry recipe