തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ കെഎസ്ഇബി ഈടാക്കുന്ന ഇന്ധന സർചാർജ് തുടർന്നേക്കും. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുവദിക്കുന്ന 9 പൈസ സർചാർജ് ഒക്ടോബറിലും തുടരണമെന്നു കെഎസ്ഇബി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കമ്മിഷൻ തീരുമാനം ഈ മാസം ഉണ്ടാകും. 2023 ഏപ്രിൽ – സെപ്റ്റംബർ കാലയളവിലെ ഇന്ധന സർചാർജ് കുടിശിക 55.24 കോടി രൂപ ഈടാക്കുന്നതിന് ഈ മാസം 30 വരെയുള്ള മൂന്നു മാസ കാലയളവിൽ യൂണിറ്റിന് 9 പൈസ വീതം വൈദ്യുതി ബില്ലിൽ കൂട്ടാൻ കഴിഞ്ഞ ജൂണിൽ കമ്മിഷൻ നിർദേശം നൽകിയിരുന്നു. അതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കെഎസ്ഇബി വീണ്ടും അപേക്ഷ നൽകിയത്.
റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതിനു പുറമേ കെഎസ്ഇബി സ്വന്തം നിലയിൽ 10 പൈസ കൂടി സർചാർജ് ഈടാക്കുന്നുണ്ട്. അതു തുടരും. 2023 ജനുവരി മുതൽ മാർച്ച് വരെ കാലയളവിൽ വ്യത്യസ്ത നിരക്കിൽ വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ 92.79 കോടി രൂപയുടെ അധിക ബാധ്യത പരിഹരിക്കാൻ യൂണിറ്റിന് 16 പൈസ വീതം ഉപയോക്താക്കളിൽനിന്നു സർചാർജ് ആയി ഈടാക്കാൻ അനുവദിക്കണമെന്ന കെഎസ്ഇബിയുടെ അപേക്ഷ റഗുലേറ്ററി കമ്മിഷൻ നേരത്തേ തള്ളിയെങ്കിലും ഈ തുക കൂടി ഉൾപ്പെടുത്തിയാകും വൈദ്യുതി നിരക്ക് പരിഷ്കരണം പ്രഖ്യാപിക്കുക.