തിരുവനന്തപുരം: സിനിമയിലെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തിനു രൂപം നൽകി മൂന്നാഴ്ചയ്ക്കു ശേഷവും അതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടില്ല. അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവുള്ളതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകുന്നതെന്നാണ് സംഘത്തിന്റെ നിലപാട്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കേണ്ടത് കേരള പൊലീസ് ആക്ടിലെ ചട്ടപ്രകാരം സർക്കാർ ഉത്തരവോടെ വേണമെന്നിരിക്കെയാണ് ഡിജിപിയുടെ ഉത്തരവിന്റെ മാത്രം ബലത്തിലുള്ള അന്വേഷണം. സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിലുള്ള അന്വേഷണം സംഘത്തിനു വെല്ലുവിളിയാണ്. അനുബന്ധങ്ങളടക്കം ഏകദേശം 4000 പേജുള്ള റിപ്പോർട്ട് ചുരുങ്ങിയ സമയത്തിൽ പഠിച്ച് അന്വേഷണം പൂർത്തിയാക്കുക ദുഷ്കരമാണ്. റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇന്നലെ യോഗം ചർച്ച ചെയ്തു. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആരുടെയൊക്കെ മൊഴിയെടുക്കണമെന്നു തീരുമാനമായില്ല.