തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നാണ് ഉത്തരവ്.
25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറുന്നതിനാണ് നിയന്ത്രണം ഉണ്ടായിരുന്നത്. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പുതിയ കത്തിന്റെ അടിസ്ഥാനത്തിൽ പരിധി അഞ്ച് ലക്ഷമായി മാറുകയാണ്. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് അടക്കം അഞ്ച് ലക്ഷത്തിലധികം രൂപ വരുന്ന ബില്ലുകൾ മാറണമെങ്കിൽ ധനവകുപ്പിൽ നിന്നും പ്രത്യേക അനുമതി വാങ്ങണം. സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലേക്ക് നീങ്ങുന്നത് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്.
ഈ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതിൽ ഡിസംബർ വരെയുള്ള 21,253 കോടി രൂപ സെപ്തംബർ ആദ്യം തന്നെ സർക്കാർ എടുത്തു. ബാക്കി തുക അടുത്ത വർഷം ജനുവരിയിലാണ് എടുക്കാനാവുക. എന്നാൽ ഓണച്ചെലവുകൾക്കായി 5,000 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാനം അനുമതി തേടി. ഇതിൽ 4,200 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുവദിച്ചു. ഓണം കഴിഞ്ഞതോടെ വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി നിയന്ത്രണം കടുപ്പിക്കാൻ തീരുമാനം എടുക്കുകയായിരുന്നു.