കലവൂര്‍ സുഭദ്ര കൊലക്കേസില്‍ ഒന്നാം പ്രതി ശര്‍മലയും രണ്ടാംപ്രതി മാത്യുസിനെയും 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ലാണ് അന്വേഷണസംഘം പ്രതികള്‍ക്കായി അപേക്ഷ നല്‍കിയത്.
അതേസമയം, കോടതി വളപ്പില്‍ കേസിലെ ഒന്നാം പ്രതി ശര്‍മിള മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു ശര്‍മിളയുടെ പ്രതികരണം. പിന്നെ ആരാണ് ചെയ്തത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചും ചോദ്യമുന്നയിച്ചു. അമ്മയെ പോലെയാണ് കണ്ടതെന്നാണ് ശര്‍മിള ഇതിന് മറുപടി പറഞ്ഞത്. കോടതി വളപ്പില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഇന്ന് ഉച്ചക്ക് രണ്ടരയോടെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും. രാത്രിയോടെ ഇവര്‍ ഒളിവില്‍ താമസിച്ച ഉടുപ്പിയിലേക്ക് അന്വേഷണസംഘം പ്രതികളുമായി തെളിവെടുപ്പിന് പോകും. കൊലപാതകത്തിന് ആയുധങ്ങള്‍ ഒന്നും ഉപയോഗിച്ചില്ല എന്നാണ് പ്രതികളുടെ മൊഴി. സുഭദ്രയുടെ കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ച് ഷാളും സുഭദ്രയുടെ വസ്ത്രങ്ങളും ഫോണും കണ്ടെത്തേണ്ടതുണ്ട്. മൂന്നാം പ്രതി റെയ്‌നോള്‍ഡിനെ പിന്നീട് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തും.