മൂന്നാറിലെ ദേവികുളത്ത് സ്ഥിതിചെയ്യുന്ന സഞ്ചാരികളുടെ പ്രിയ സ്ഥലങ്ങളില്‍ ഒന്നാണ് സീത ദേവി തടാകം. ദേവിയുടെ കുളം സ്ഥിതി ചെയ്യുന്ന ഇടം എന്ന അര്‍ഥത്തിലാണ് ദേവികുളം അറിയപ്പെടുന്നതും. മൂന്നാറില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ അകലെയാണ് തടാകം സ്ഥിതിചെയ്യുന്നത്. വനങ്ങളിലൂടെയും തോട്ടങ്ങളിലൂടെയും കാല്‍നടയായി ഇവിടെയെത്താം. യൂറോപ്യന്‍ രീതിയില്‍ നിര്‍മ്മിച്ചിരുക്കുന്ന വീടുകള്‍, ഗ്രാമീണ ഭംഗി ഇന്നും സൂക്ഷിക്കുന്ന നാട്, കാടുകള്‍, തേയിലത്തോട്ടങ്ങള്‍ ഒക്കെയും കൂടിച്ചേരുന്നതാണ് ദേവികുളം.രാമായണവുമായി ബന്ധപ്പെട്ടു കിടക്കുന്ന തടാകമാണ് സീതാ ദേവി തടാകം. വനവാസക്കാലത്ത് സീത ദേവി ഇതുവഴി കടന്നു പോയപ്പോള്‍ കുളിച്ചത് ഈ തടാകത്തിലാണ് എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. അങ്ങനെയാണ് ദേവികുളം തടാകം സീതാ ദേവി തടാകം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. മാത്രമല്ല, ദേവിയുടെ സ്വര്‍ണ്ണകഥം കത്തിത്തീര്‍ന്നതിന്റെ അടയാളങ്ങള്‍ ഇന്നും ഇവിടെയുണ്ട് എന്നും വിശ്വസിക്കപ്പെടുന്നു. തടാകത്തില്‍ മുങ്ങിയാല്‍ പല രോഗങ്ങളും ഭേദമാകുമെന്ന് പറയപ്പെടുന്നു.
ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായും ദേവികുളം അറിയപ്പെടുന്നു. തണുപ്പു കൂടിയ കാലാവസ്ഥയും പച്ചപ്പുമാണ് അവരെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്ന കാര്യങ്ങള്‍. പണ്ട് ധാരാളം ബ്രിട്ടീഷുകാര്‍ ഇവിടെ താമസിച്ചിരുന്നു. ഇവിടുത്തെ വീടുകളുടെ നിര്‍മ്മാണ രീതിയും ഗൃഹോപകരണങ്ങളുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. സീതാദേവി തടാകം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മണ്‍സൂണിന് ശേഷമുള്ള സമയമാണ്, ഇത് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയും പിന്നീട് ജനുവരി മുതല്‍ മാര്‍ച്ച് വരെയും നീണ്ടുനില്‍ക്കും.മൂന്നാറില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സീതാദേവി തടാകം ടാറ്റ ടീ എസ്റ്റേറ്റാണ് ഇപ്പോള്‍ പരിപാലിക്കുന്നത്. എസ്റ്റേറ്റിനുള്ളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ പ്രവേശനം ലഭിക്കാന്‍ മൂന്നാറിലെ ടാറ്റ ടീ റീജിയണല്‍ ഓഫീസില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. തടാകത്തിലേക്കുള്ള യാത്രയില്‍ വനപാതകള്‍ കാണാം.
STORY HIGHLIGHTS: Seethadevi lake, Munnar