പശ്ചിമ ഘട്ടത്തോട് അടുത്ത് കിടക്കുന്ന പൊള്ളാച്ചി പ്രകൃതി സൗന്ദര്യം കൊണ്ടും ജൈവ സമ്പത്ത് കൊണ്ടും സമ്പന്നമായ സ്ഥലമാണ്.തെന്നിന്ത്യൻ സിനിമയിൽപൊള്ളാച്ചിക്ക് എന്നും വലിയ സ്ഥാനം ഉണ്ടായിരുന്നു. ഒട്ടനവധി കന്നഡ,മലയാളം, തമിഴ് സിനിമകൾ പൊള്ളാച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ചിട്ടുണ്ട്. തേൻമാവിൻ കൊമ്പത്ത് എന്ന മോഹൻലാൽ ചിത്രമാണ് മലയാളികൾക്കിടയിൽ പൊള്ളാച്ചിയെ സുപരിചിതം ആക്കി
മാറ്റിയത്. മേഘം,ഒരു മറവത്തൂർ കനവ്, ഹിറ്റ്ലർ,ഡോൺ,പോക്കിരി രാജ,കസിൻസ്,
ഫ്രണ്ട്സ്,വർഷങ്ങൾക്കു ശേഷം,കുഞ്ഞളിയൻ,അണ്ണൻ തമ്പി അങ്ങനെ പല മലയാള
സിനിമകളിലും പൊള്ളാച്ചി നിറസാന്നിധ്യമായി മാറിയിട്ടുണ്ട്. സേതുമടൈ വീട്,സിങ്കനെല്ലൂർ പാലസ് എന്നിവ പൊള്ളാച്ചിയിലെ പ്രധാന ഷൂട്ടിംഗ്ഡെസ്റ്റിനേഷനുകളാണ് . ഇതിൽ നിന്നും മാറി പല തമിഴ് സിനിമകളിലും ലൊക്കേഷനായ കാക്ക കൊത്തി പാറയും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആണ്.
പാലക്കാട്-പൊള്ളാച്ചി റോഡിലൂടെയുള്ള യാത്ര കൊഴിഞ്ഞാമ്പാറയും ഗോപാലപുരവും പിന്നിട്ട് ആനമലൈയിൽ എത്തും. ഇവിടെ നിന്നും അൽപ്പം ഉള്ളിലേക്കായാണ് കാക്ക കൊത്തി പാറൈ. കാളിയപുരം എന്ന ചെറിയ ടൗണിനടുത്തായാണ് ഈ സ്ഥലം നിലനില്കുന്നത്. പൊള്ളാച്ചി-വാൽപ്പാറ റൂട്ടിൻെറ ഇടയിലായാണ് കാക്ക കൊത്തി പാറൈ. ഇങ്ങോട്ടുള്ള യാത്രയാണ് അതിമനോഹരം. മഴയിൽ മാന്തോപ്പുകളും തെങ്ങിൻ തോട്ടവും നെൽവയലുകളും കൂടുതൽ പച്ചപ്പണിഞ്ഞ് നിൽക്കുന്നത് ഒരു പ്രത്യേക കാഴ്ച തന്നെയാണ്.
തമിഴ് റോഡുകളിലെ പുളിമരങ്ങളും കാഴ്ചകൾക്ക് ഒന്നുകൂടി ദൃശ്യഭംഗി നൽകുന്നു.. കാക്ക കൊത്തി പാറക്ക് താഴെ കുറേ വീടുകൾ കാണാം . ഇതിന്
താഴെ വെള്ളക്കെട്ടുകളും തെങ്ങിൻ തോപ്പുകളും വയലേലകളും കാണാം. ദൂരെ കോട മഞ്ഞിൽ കുളിച്ച് നിൽക്കുന്ന വാൽപ്പാറ മല നിരകളും.പൊള്ളാച്ചി വാൽപ്പാറ റൂട്ടിൽ യാത്ര ചെയ്യുമ്പോൾ ഒന്ന് കണ്ടു മടങ്ങാൻ ഈ സ്ഥലം തിരഞ്ഞെടുക്കാം. പഴയ നിരവധി തമിഴ് സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. വല്ലരശ്,വീരപ്പ, ചാർളി ചാപ്ലിൻ,പൊള്ളാച്ചി മാപ്പിളൈ എന്നീ തമിഴ് പടങ്ങഴാണ് പ്രധാധമായും കാക്ക കൊത്തി പാറയിൽ ചിത്രീകരിച്ചത് ആണ്.
Story Highlights ; kaaka kothi parai, pollachi