തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്ന 37 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപയിൽ ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 267 ആയി. ഇതിൽ ഏഴ് പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ട്. രോഗി വന്ന വിമാനത്തിൽ 43 പേർ സമ്പർക്കത്തിൽ. രോഗി ഇരുന്നതിന് മൂന്ന് നിര പിന്നിലും മുന്നിലുമുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്ന് മന്ത്രി അറിയിച്ചു.
അതേസമയം നിപയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെന്നും നിപ ബാധിച്ച് മരിച്ച വ്യക്തി വീട്ട് വളപ്പിലെ വവ്വാലുകൾ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി കഴിച്ചു എന്നാണ് അനുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിപ ബാധിച്ച് മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ പുറത്തുവന്ന ഫലം നെഗറ്റീവായിരുന്നു. ഇതോടെ ആകെ 63 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
സംസ്ഥാനത്ത് എംപോക്സ് ബാധിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മലപ്പുറത്ത് 23 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ എംപോക്സ് സംശയിച്ചിരുന്ന 3 പേരുടെ ഫലവും നെഗറ്റീവാണ്. രോഗി സഞ്ചരിച്ച വിമാനത്തിലെ 43 പേരാണ് സമ്പർക്കത്തിൽ ഏർപെട്ടതായി കണക്കാക്കുന്നത്.
നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. ദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു.
എംപോക്സ് വൈറസിൻ്റെ ജനിതക ഘടന പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. എംപോക്സ് 1 B ആണെങ്കിൽ രോഗവ്യാപനം വേഗത്തിൽ സംഭവിക്കും. 2 B ആണെങ്കിൽ പകർച്ച സാധ്യത കുറവായിരിക്കും. എംപോക്സ് രോഗിയുമായി സമ്പർക്കത്തിലുള്ള 6 പേർ ദുബൈയിൽ നിരീക്ഷണത്തിൽ കഴിയുന്നതായും വീണാ ജോർജ് അറിയിച്ചു.
എന്താണ് എംപോക്സ്?
ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
രോഗ പകര്‍ച്ച
കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.
ലക്ഷണങ്ങള്‍
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
പ്രതിരോധം
അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം.