കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിനായി ഡ്രഡ്ജർ ഷിരൂരിലെത്തി. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴിൽ എത്തിച്ചു. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജർ എത്തിച്ചിരിക്കുന്നത്.
ഇന്ന് രാവിലെയാണ് ഡ്രഡ്ജർ കാർവാറിൽ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പ്രവേശിപ്പിച്ചത്. രാവിലെ വേലിയേറ്റ സമയമായതിനാൽ പാലം കടന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വേലിയിറക്ക സമയമായ വൈകുന്നേരത്തോടെയാണ് മുന്നോട്ട് പോകുന്നത്. നാവിക സേനയുടെ മേൽനോട്ടത്തോടെയാണ് ഡ്രഡ്ജറിന്റെ പ്രവർത്തനം. രണ്ട് പാലങ്ങൾ കടക്കുന്നത് ശ്രമകരമായ ദൗത്യമാണെന്ന് അധികൃതർ അറിയിച്ചിരുന്നു. തുടർന്നാണ് വേലിയേറ്റ വേലിയിറക്ക സമയങ്ങൾ കേന്ദ്രീകരിച്ച് ഡ്രഡ്ജറിന്റെ യാത്ര ക്രമീകരിച്ചത്.
രണ്ട് പാലങ്ങളുടെ അടിയിലൂടെ കടന്നു വേണം ഡ്രഡ്ജർ മൺകൂനകളുള്ള സ്ഥലത്തെത്തിക്കാൻ. ഇതിനേകദേശം ഒരു മണിക്കൂർ സമയം വേണ്ടിവരും. അവിടെയെത്തിയ ശേഷം, നേരത്തെ നാവികസേന ലോഹസാന്നിധ്യം കണ്ടെത്തിയ സ്ഥലത്തെ മണ്ണും കല്ലും നീക്കം ചെയ്യുന്ന പ്രവൃത്തിയാരംഭിക്കും. ഇത് നീക്കം ചെയ്യുന്നതോടെ ലോറിയുടെ സാന്നിധ്യം കണ്ടെത്താനാവുമെന്നാണ് ഡ്രഡ്ജർ കമ്പനി വിശ്വസിക്കുന്നത്. നാളെ രാവിലെ മുതൽ കല്ലും മണ്ണും നീക്കം ചെയ്യും.
മണ്ണിടിച്ചിലിനെ തുടർന്ന് പുഴയിൽ നാലോ അഞ്ചോ ഇടത്ത് വലിയ മൺകൂനകൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ നീക്കം ചെയ്താൽ പുഴയുടെ സ്വാഭാവിക ഒഴുക്ക് തിരികെക്കൊണ്ടുവരാനാവും. മണ്ണ് നീക്കുമ്പോൾ ലോറിയും കാണാനാകും. രണ്ട് മൂന്നുദിവസത്തിനകം പുഴയിലടിഞ്ഞ മണ്ണും കല്ലും മരങ്ങളും പൂർണമായും നീക്കാനാവും എന്നാണ് പ്രതീക്ഷ.
ഇന്ന് രാത്രിയോടെ ഡ്രഡ്ജർ ഇവിടെ സ്ഥാപിക്കും. നാളെ രാവിലെയോടെ മണ്ണുമാറ്റൽ തുടങ്ങും. ഇവ പൂർണമായും മാറ്റിയാലേ തിരച്ചിൽ സാധ്യമാവൂ എന്നാണ് നാവികസേനയിലെയടക്കം മുങ്ങൾവിദഗ്ധർ വ്യക്തമാക്കിയിരുന്നത്. ഓരോ ഭാഗത്തും പുഴയുടെ ആഴം പരിശോധിച്ചാണ് ഡ്രഡ്ജർ നീങ്ങുന്നത്.
ഡ്രഡ്ജറിന്റെ ചെലവ് പൂർണമായി വഹിക്കുന്നത് കർണാക സർക്കാരാണ്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സിൽ താഴെയെന്നാണ് നാവികസേനയുടെ പരിശോധനയിൽ കണ്ടെത്തിയത്. ഷിരൂരിലെ നിലവിലെ കാലാവസ്ഥയും തിരച്ചിലിന് അനുയോജ്യമാണ്. പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമാണ് ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക. അർജുനെ കൂടാതെ ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിലാണ് നാളെ പുനരാരംഭിക്കുക.
അർജുന് വേണ്ടിയുള്ള തിരച്ചിൽ പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് ഓഗസ്റ്റ് 16-നാണ് നിർത്തിവെച്ചത്. പുഴയുടെ അടിത്തട്ടിലെ മണ്ണും കല്ലും നീക്കിയാൽ മാത്രമേ തിരച്ചിൽ സാധ്യമാകൂവെന്ന് നാവികസേന അറിയിച്ചിരുന്നു.