ചെന്നൈ: രവിചന്ദ്രൻ അശ്വിന്റെ സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെ അർധ സെഞ്ചുറിയും ആദ്യദിനം കരുത്തായപ്പോൾ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ദിനം കളിനിർത്തുമ്പോൾ ടീം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് എന്ന നിലയിലാണ്.
കരിയറിലെ ആറാം ടെസ്റ്റ് സെഞ്ചുറിയുമായി തിളങ്ങിയ അശ്വിൻ 102 റൺസോടെ ക്രീസിലുണ്ട്. 86 റൺസുമായി ജഡേജയാണ് അശ്വിന് കൂട്ട്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ ഇതുവരെ 195 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.
തുടക്കത്തിലെ തകർച്ചയിൽനിന്ന് ആതിഥേയരെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഒപ്പണർ യശസ്വി ജയ്സ്വാളിന്‍റെ അർധ സെഞ്ച്വറിയാണ്. 118 പന്തിൽ 56 റൺസെടുത്ത താരം നഹീദ് റാണയുടെ പന്തിൽ ശദ്മൻ ഇസ്‍ലാമിന് ക്യാച്ച് നൽകിയാണ് പുറത്തായത്. 9.2 ഓവറിൽ 34 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. നായകൻ രോഹിത് ശർമ (19 പന്തിൽ ആറ്), ശുഭ്മൻ ഗിൽ (പൂജ്യം), വിരാട് കോഹ്ലി (ആറു പന്തിൽ ആറ്) എന്നിവരാണ് ആദ്യ സെഷനിൽ തന്നെ പുറത്തായത്. പേസർ ഹസൻ മഹ്മൂദിനാണു മൂന്നു വിക്കറ്റുകളും.
തുടർന്ന് നാലാം വിക്കറ്റിൽ ജയ്സ്വാളും ഋഷഭ് പന്തും ചേർന്നതോടെയാണ് ഇന്ത്യൻ സ്കോർ ഉയർന്നത്. സ്കോർ 96ൽ നിൽക്കെ പന്തിനെ (52 പന്തിൽ 39) മഹ്മൂദ് ഹസൻ ലിറ്റൺ ദാസിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ മെഹ്ദി ഹസൻ കെ.എൽ. രാഹുലിനെയും (52 പന്തിൽ 16) പുറത്താക്കി. 144 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമായി തകർച്ച നേരിട്ട ഇന്ത്യയുടെ രക്ഷാപ്രവർത്തനം സ്പിൻ സ്പെഷലിസ്റ്റുകളായ അശ്വിനും ജഡേജയും ഏറ്റെടുക്കുകയായിരുന്നു.
ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് നാല് വിക്കറ്റും നഹ്ദി റാണ, മെഹ്ദി ഹസൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. നഹീദ് റാണ, മെഹ്ദി ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു.