Sports

ദുലീപ് ട്രോഫിയിൽ സഞ്ജു സാംസൺ വെടിക്കെട്ട്, സെഞ്ച്വറിക്കരികെ (83 പന്തിൽ 89*); ഇന്ത്യ ഡി മികച്ച നിലയിൽ

അനന്തപൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട്. ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ തുടരുകയാണ്. 10 ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിം​ഗ്സ്. 11 റൺസകലെ സഞ്ജുവിനെ കാത്തിരിക്കുന്നത് ദുലീപ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടമാണ്.

ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ഇന്ത്യ ഡി അഞ്ചിന് 306 റൺസെന്ന നിലയിലാണ്. 56 പന്തിൽ 26 റൺസുമായി സാരാൻശ് ജെയിനാണ് ക്രീസിലുള്ള മറ്റൊരു താരം. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കൽ (95 പന്തിൽ 50), ശ്രീകര്‍ ഭരത് (105 പന്തിൽ 52), റിക്കി ഭൂയി (87 പന്തിൽ 56) എന്നിവരും ഡിക്കായി അർധ സെഞ്ച്വറി നേടി. നായകൻ ശ്രേയസ്സ് അയ്യർ ഒരിക്കൽകൂടി നിരാശപ്പെടുത്തി. അഞ്ചു പന്തുകൾ നേരിട്ട താരം റണ്ണൊന്നും എടുക്കാതെ മടങ്ങി.

ആറാമനായിട്ടായിരുന്നു സഞ്ജു ക്രീസിലെത്തിയത്. ആദ്യം റിക്കി ഭൂയിക്കൊപ്പവും പിന്നീട് സാരാന്‍ശ് ജെയിനൊപ്പവും മികച്ച കൂട്ടുകെട്ടുയര്‍ത്തി സഞ്ജു. ആറാം വിക്കറ്റിൽ ഇതുവരെ ഇരുവരും 81 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇന്ത്യ ബി ക്കായി രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റ് നേടി. മുകേഷ് കുമാർ, നവ്ദീപ് സെയ്നി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.