മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനൽകി പി.വി അൻവർ എംഎൽഎ. ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവച്ചു, എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് ആരോപണങ്ങൾ.
ആദ്യം മലപ്പുറം എസ്പി സുജിത്ദാസിനും എഡിജിപി എം.ആർ അജിത്കുമാറിനുമെതിരെയായിരുന്നു പരാതി എഴുതിനൽകിയിരുന്നത്. ശശിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പരാതി നല്‍കാന്‍ ഇതുവരെ പി വി അന്‍വര്‍ തയ്യാറായിരുന്നില്ല. പി ശശിക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. പ്രത്യേക ദൂതന്‍ വഴിയാണ് പരാതി കൈമാറിയത്. പി ശശി സിപിഐഎം സംസ്ഥാന സമിതി അംഗമായതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കിയത്.
എഴുതിനൽകിയാൽ പരിശോധിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് ദൂതൻ മുഖേന ഇപ്പോൾ പി.വി അൻവർ പരാതി പാർട്ടിക്ക് കൈമാറിയത്. എം.വി ഗോവിന്ദൻ നിലവിൽ ആസ്‌ത്രേലിയയിലാണ്. തിരികെ വന്നശേഷമായിരിക്കും തുടർനടപടികളുണ്ടാവുക.
എഡിജിപിക്കെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനൊപ്പമായിരുന്നു ശശിക്കെതിരെയുള്ള ആരോപണങ്ങളും. എഡിജിപിക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നത് പി ശശി ആണെന്നായിരുന്നു വിമര്‍ശനം. തനിക്കൊരു ഭയവുമില്ലെന്നായിരുന്നു എംഎല്‍എയുടെ ആരോപണങ്ങളില്‍ പി ശശിയുടെ പ്രതികരണം.
‘ദ വീക്ക്’ മാസികയോടായിരുന്നു ശശിയുടെ പ്രതികരണം. ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. സ്വേച്ഛാധിപത്യ മനോഭാവം എനിക്കില്ല. എനിക്ക് പകയില്ല, പേടിയും തോന്നുന്നില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. 1980ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതു മുതല്‍ ഞാന്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നിട്ടും ഞാന്‍ ഇത്രയും ദൂരം എത്തിയിരിക്കുന്നു. അത് മതി എന്നും പി ശശി പറഞ്ഞു.