India

വനിത ഡോക്ടറുടെ കൊലപാതകം: ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി

കൊല്‍ക്കത്ത: വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ഡോക്ടര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേടുകളിലും സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് കൗണ്‍സിലിന്റെ നടപടി.

രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടതോടെ സന്ദീപ് ഘോഷ് ഡോക്ടറല്ലാതായി. ഇനി അദ്ദേഹത്തിന് ആര്‍ക്കും ചികിത്സ നല്‍കാന്‍ അവകാശമുണ്ടാകില്ല. 1914-ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുത്തത്.

ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഘോഷ് നോട്ടീസിനോട് പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് നടപടി.

പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിലിന്‍റെ രജിസ്റ്റേർഡ് ഡോക്ടർമാരുടെ പട്ടികയിൽനിന്ന് സന്ദീപ് ഘോഷിന്‍റെ പേര് നീക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതോടെ സന്ദീപ് ഡോക്ടറല്ലാതായി. 1914ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.

സന്ദീപ് ഘോഷിന്റെ നുണപരിശോധനയിലെ മറുപടികള്‍ വഞ്ചനാപരമാണെന്ന് സിബിഐ നേരത്തേ ആരോപിച്ചിരുന്നു. നുണ പരിശോധനയ്ക്കിടയിലും ശബ്ദ വിശകലനത്തിനിടയിലും സന്ദീപ് ഘോഷ് വഞ്ചനാപരമായ മറുപടി നല്‍കിയതായി സിബിഐ പറഞ്ഞു. രാവിലെ 9.58ന് തന്നെ സന്ദീപ് ഘോഷിന് മരണ വിവരം ലഭിച്ചെന്നും എന്നാല്‍ അദ്ദേഹം ഉടനടിയുള്ള നടപടി സ്വീകരിച്ചില്ലെന്നും സിബിഐ പറഞ്ഞു. പിന്നീട് സന്ദീപ് ഘോഷ് അവ്യക്തമായ പരാതി നല്‍കുകയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി.

ആശുപത്രി അധികൃതരും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി ജനറല്‍ ഡയറിയില്‍ മനപ്പൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കിയതാണെന്നും സിബിഐ ആരോപിച്ചു. മൊണ്ടാല്‍ എഫ്ഐആര്‍ രജസിറ്റര്‍ ചെയ്യാന്‍ വൈകിയെന്ന് മാത്രമല്ല, സംഭവം നടന്ന സ്ഥലം സംരക്ഷിക്കാത്തതിനാല്‍ പ്രധാനപ്പെട്ട തെളിവുകള്‍ നശിച്ചെന്നും സിബിഐ പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്ത് അനധികൃതമായി പ്രവേശിച്ച് മുഖ്യപ്രതി സഞ്ജയ് റോയിയെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നും സിബിഐ അറിയിച്ചു.

അതേസമയം ബംഗാള്‍ സര്‍ക്കാരിനെതിരെ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് രംഗത്തെത്തി. സന്ദീപ് ഘോഷിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ നേരത്തേ നടപടിയെടുത്തിരുന്നെങ്കില്‍ തന്റെ മകള്‍ ഇന്നും ജീവിച്ചിരുന്നേനെ എന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ഒമ്പതിന് വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് ശേഷമാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.