India

രാഹുൽ ഗാന്ധിക്കെതിരായ ഭീകരവാദി പരാമർശം; കേന്ദ്രമന്ത്രി രവനീത്‌ സിംഗ് ബിട്ടുവിനെതിരെ കേസ്

ബെംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവനീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കർണാടക കോൺഗ്രസിന്റെ പരാതിയിൽ ബെംഗളൂരു പൊലീസാണ് കേസെടുത്തത്.

അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ സിഖുകാരെ കുറിച്ചുള്ള പരാമർശം ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്ര‌മന്ത്രിയുടെ വിമർശനം. രാഹുൽ ഗാന്ധിയാണ് നമ്പർ വൺ ഭീകരവാദിയെന്നും പിടികൂടുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്നും രവനീത് സിങ് ബിട്ടു പറഞ്ഞിരുന്നു.

‘രാഹുൽ ഗാന്ധി ഇന്ത്യക്കാരനല്ല. ഭൂരിഭാഗം സമയവും രാഹുൽ ഇന്ത്യക്ക് പുറത്താണ് ചിലവഴിക്കുന്നത്. തന്റെ രാജ്യത്തെ രാഹുൽ സ്നേഹിക്കുന്നില്ല. അതിനാലാണ് വിദേശത്ത് പോയി ഇന്ത്യയെ കുറിച്ച് മോശമായി പറയുന്നത്. പിടികിട്ടാപ്പുള്ളികളും വിഘടനവാദികളും, ബോംബും തോക്കുമെല്ലാം നിർമിക്കുന്നവരുമാണ് രാഹുൽ ഗാന്ധി പറയുന്നതിനെ പിന്തുണയ്ക്കുന്നത്’, രവനീത് സിങ് ബിട്ടു പറഞ്ഞു.

രാജ്യത്തെ സിഖ് വിഭാഗക്കാർക്ക് സ്വതന്ത്രമായി തങ്ങളുടെ മതപരമായ കാര്യങ്ങൾ ചെയ്യാനാവുന്നില്ലെന്നായിരുന്നു അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞത്. സിഖുകാരനാണെങ്കിൽ അദ്ദേഹത്തിന് രാജ്യത്ത് ടർബൻ ധരിക്കാൻ സ്വാതന്ത്ര്യമുണ്ടോ, സിഖുകാരന് ഗുരുദ്വാരയിൽ പോകാൻ അനുവാദമുണ്ടോ, അതിനെല്ലാം വേണ്ടിയാണ് ഈ പോരാട്ടം. സിഖുകാരന് വേണ്ടി മാത്രമല്ല, എല്ലാ മതവിഭാഗക്കാർക്കും വേണ്ടിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

അതേസമയം, രാഹുൽ ഗാന്ധിയെ നമ്പർ വൺ തീവ്രവാദി എന്ന് വിളിച്ചതിൽ തനിക്ക് ഖേദമില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് ബിട്ടുവിന്റെ നിലപാട്. ഗാന്ധി കുടുംബം പഞ്ചാബിനെ ചുട്ടെരിക്കുകയും അതിൻ്റെ ഫലമായി സംസ്ഥാനത്തിന് തലമുറകളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ പ്രസ്താവനയിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് വിഷയത്തിൽ ആ​ദ്യം മാപ്പ് പറയേണ്ടത് കോൺ​ഗ്രസ് അധ്യക്ഷ്യൻ മല്ലികാർജുൻ ഖാർ​ഗെയാണെന്നായിരുന്നു ബിട്ടുവിന്റെ മറുപടി. രാഹുൽ ഗാന്ധിയുടെ അതേ നിലപാട് തന്നെയാണോ കോൺ​ഗ്രസ് പാർട്ടിക്കുമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ബിട്ടു ആവശ്യപ്പെട്ടു.