മുംബൈ: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുംബൈ മുൻ പൊലീസ് മേധാവിയുമായ സഞ്ജയ് പാണ്ഡെ കോൺഗ്രസിൽ ചേർന്നു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മുംബൈയിൽ നിന്ന് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര ഇൻചാർജ് രമേശ് ചെന്നിത്തലയുടെയും മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ വർഷ ഗെയ്‌ക്‌വാദിൻറെയും സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് പറഞ്ഞു.
മുമ്പ് മുംബൈയിലെ വെർസോവ അസംബ്ലി സീറ്റിൽ നിന്ന് മത്സരിക്കുമെന്ന് സഞ്ജയ് പാണ്ഡെ പ്രഖ്യാപിക്കുകയും രാഷ്ട്രീയ ജനഹിത് പാർട്ടി എന്ന സ്വന്തം രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. മുംബൈ നോർത്ത് സെൻട്രൽ, മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലങ്ങൾ പരിഗണിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
ഐഐടി-കാൻപൂരിലെ പൂർവ്വ വിദ്യാർത്ഥിയും 1986 ബാച്ച് ഐപിഎസ് ഓഫീസറുമായ സഞ്ജയ് പാണ്ഡെ 2022 ഫെബ്രുവരി 18-ന് മുംബൈ പൊലീസ് കമ്മീഷണറായി നിയമിതനായി.
മുംബൈ പൊലീസ് കമ്മീഷണറായിരുന്ന കാലത്ത് 2022 ജൂണിൽ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) ഫോൺ ചോർത്തൽ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേ(ഇഡി)റ്റും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷ(സിബിഐ)നും രണ്ട് എഫ്ഐആറുകൾ സഞ്ജയ്ക്കെതിരെ ഫയൽ ചെയ്തിരുന്നു. അറസ്റ്റിനെത്തുടർന്ന്, സഞ്ജയ് പാണ്ഡെ ഏകദേശം അഞ്ച് മാസത്തോളം കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 ഡിസംബർ 8-ന് ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങളാണ് സിബിഐ പാണ്ഡെക്കെതിരെ ചുമത്തിയിരുന്നതെങ്കിലും ഈ കുറ്റങ്ങളൊന്നും കേസിൽ കണ്ടെത്തിയിട്ടില്ലെന്ന് കോടതി ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.