രാജസ്ഥാനിലെ ബിക്കാനീറിനടുത്താണ് ദേഷ്നോക്ക് എന്ന കൊച്ചു റെയിൽവെ സ്റ്റേഷൻ. ഇവിടെ നിന്ന് ഏതാനും നിമിഷങ്ങളുടെ നടത്തം മതി കർണിമാതാ ക്ഷേത്രത്തിലെത്താൻ. പരിപാവനമായ ക്ഷേത്രമുറ്റം. വെള്ളിയിൽ തീർത്ത കവാടം കടന്നു വേണം മുറ്റത്തേക്ക് പ്രവേശിക്കാന്‍. മുറ്റം നിറയെ എലികളാണ്. ഇവരാണ് ഈ ക്ഷേത്രത്തിന്റെ കാവൽക്കാര്‍.ദുർഗാദേവിയാണ് കർണിമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്ര മതിൽക്കെട്ടിനകത്തെ മൂഷിക സേനയാണ് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും കർണി മാതാ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്.
ബീക്കാറിനെ സംരക്ഷിക്കുന്നത് ഈ മൂഷിക സേനയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. പതിനഞ്ചാം നൂറ്റാണ്ടിൽ ദുഷ്ടനായ ഒരു ഭരണാധികാരി മാനസാന്തരപ്പെട്ട് തനിക്കും തന്റെ വംശത്തിനും മാപ്പ് നല്‍കണമെന്ന് കർണിമാതാ ദേവിയോട് അപേക്ഷിച്ചു. ഭരണാധികാരിക്ക് മാപ്പുനൽകിയ ദേവി ഒരു വംശത്തെയാകെ എലികളാക്കി മാറ്റി ക്ഷേത്രത്തിൽ അഭയം നല്‍കി. എല്ലാകാലവും ബിക്കാനീറിന്റെ കാവൽക്കാരായി തുടരാന്‍ അവരോട് ദേവി ആവശ്യപ്പെട്ടെന്നുമാണ് ഐതിഹ്യം. ഇങ്ങനെ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി കെട്ടുകഥകളുണ്ട്.
ഇപ്പോൾ കാൽ ലക്ഷത്തിലധികം എലികൾ ഈ ക്ഷേത്രത്തിലുണ്ട്. ഇവയിൽ രണ്ടെണ്ണം വെളുത്ത നിറമുള്ളതാണ്. അപൂർവമായി മാത്രമേ അവയെ കാണാൻ സാധിക്കൂ. വെളുത്ത എലിളെ കാണുകയോ ഇവ, പാദങ്ങളിൽ സ്പര്‍ശിക്കുകയോ ചെയ്താൽ ദേവി നിങ്ങളിൽ സംപ്രീതയായിരിക്കുന്നുവെന്ന് രാജസ്ഥാനികൾ പറയും. ഏതെങ്കിലും കാരണവശാൽ ക്ഷേത്രത്തിലെ എലികളെ കൊന്നാൽ അതിന് പ്രായശ്ചിത്തമായി സ്വർണം കൊണ്ട് തീർത്ത ഒരു എലിയെ ക്ഷേത്രത്തിൽ നൽകും.മറ്റുക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമായി രാജസ്ഥാന്റെ പ്രൗഢി വിളിച്ചോതുന്ന വെണ്ണക്കില്ലില്‍ കൊത്തുപണികൾ തീർത്ത തൂണുകൾ, ശിൽപ ചാതുരിയും കൂടി കർണിമാതാക്ഷേത്രത്തെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നുണ്ട്. രാജസ്ഥാൻ മരുഭൂമിയിൽ നിന്നും ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
STORY HIGHLLIGHTS : Special features of Karnimata Temple