Health

കാലിലെ ഈ ലക്ഷണങ്ങൾ നിസാരമല്ല; സൂക്ഷിക്കണം….| what-your-feet-reveal-about-your-health

ദീര്‍ഘനേരം നില്‍ക്കുമ്പോള്‍ മാത്രം വരുന്ന ഒരു പ്രശ്‌നമല്ല കാലിലെ നീര്‌

ശരീരത്തിൽ അധികം ശ്രദ്ധ കൊടുക്കാത്ത ഭാഗം ഏതാണെന്ന് ചോദിച്ചാൽ പലരുടെയും മറുപടി കാലുകൾ ആയിരിക്കും. നമ്മുടെ ആരോഗ്യവും കാലുകളും തമ്മിൽ വലിയ ബന്ധമുണ്ട്. എന്നാൽ ഇത് അധികം ആർക്കും അറിയില്ല. ആരോഗ്യത്തെക്കുറിച്ചുള്ള സുപ്രധാനമായ പല മുന്നറിയിപ്പുകളും കാലുകൾ നൽകുന്നു. കാലുകളിലെ ലക്ഷണങ്ങൾ പല രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.

കാലില്‍ നീര്‌:

ദീര്‍ഘനേരം നില്‍ക്കുമ്പോള്‍ മാത്രം വരുന്ന ഒരു പ്രശ്‌നമല്ല കാലിലെ നീര്‌. നിരന്തരം കാലില്‍ നീര്‌ വരുന്നത്‌ ഹൈപ്പര്‍ടെന്‍ഷന്‍, വൃക്കരോഗം, കരള്‍ രോഗം, ഹൃദ്രോഗം എന്നിവയുടെ സൂചനയാകാം. ശരീരത്തിലെ കോശങ്ങളില്‍ നിന്നുള്ള അമിതമായ ദ്രാവകങ്ങള്‍ കാലില്‍ കെട്ടിക്കിടക്കുമ്പോഴാണ്‌ നീരായി മാറുന്നത്‌. കാല്‌ പൊക്കി വച്ചിരിക്കുന്നതും ആവശ്യത്തിന്‌ വെള്ളം കുടിക്കുന്നതും ഉപ്പിന്റെ അംശം കുറയ്‌ക്കുന്നതും നീര്‌ മാറാന്‍ സഹായകമാണ്‌. രക്തചംക്രമണം മെച്ചപ്പെടുത്താന്‍ കംപ്രഷന്‍ സോക്‌സും സഹായിക്കും.

എട്ടുകാലി പോലുള്ള വെയ്‌നുകള്‍:

കാലിലെ ചര്‍മ്മത്തിനടിയില്‍ എട്ടുകാലിയുടെ രൂപത്തില്‍ രക്തധമനികള്‍ കെട്ടുപിണഞ്ഞ്‌ കിടക്കുന്നതായി കാണപ്പെടുന്നത്‌ പലപ്പോഴും ഉയര്‍ന്ന തോതിലുള്ള ഈസ്‌ട്രജന്റെ ലക്ഷണമാണ്‌. ഗര്‍ഭധാരണം, ജനന നിയന്ത്രണ മരുന്നുകളുടെ ഉപയോഗം, ഹോര്‍മോണല്‍ അസന്തുലനം എന്നിവയും കാലിലും കൈയ്യിലും സ്‌പൈഡര്‍ വെയ്‌നുകള്‍ക്ക്‌ കാരണമാകാം. പലപ്പോഴും അത്ര ഉപദ്രവകാരികളല്ലെങ്കിലും ഇത്‌ അസ്വസ്ഥതയുണ്ടാക്കാം. രക്തക്കുഴലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നത്തിന്റെയും സൂചനയാകാം. നിത്യവുമുള്ള വ്യായാമം, ആരോഗ്യകരമായ ശരീരഭാരം എന്നിവ രക്തയോട്ടം വര്‍ധിപ്പിച്ച്‌ സ്‌പൈഡര്‍ വെയ്‌നുകളുടെ സാധ്യത കുറയ്‌ക്കും.

വിണ്ടു കീറിയ കാലുകള്‍:

വരണ്ട, വിണ്ടു കീറിയ കാല്‍ പാദം വൈറ്റമിന്‍ ബി2 അഥവാ റൈബോഫ്‌ളേവിന്റെ അഭാവത്തെ കുറിക്കുന്നു. ആരോഗ്യകരമായ ചര്‍മ്മം കാത്തുസൂക്ഷിക്കാന്‍ ഈ വൈറ്റമിന്‍ അത്യാവശ്യമാണ്‌. മുട്ട, മാംസം, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നത്‌ വൈറ്റമിന്‍ ബി2 ശരീരത്തിന്‌ ലഭ്യമാക്കാന്‍ സഹായിക്കും. ലാക്ടിക്‌ ആസിഡ്‌ അടങ്ങിയ മോയിസ്‌ച്യുറൈസര്‍ ഇടുന്നതും സഹായകമാണ്‌. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം പ്രകാരം വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കേണ്ടതാണ്‌.

മരവിപ്പും തരിപ്പും:

കാലിനുണ്ടാകുന്ന മരവിപ്പും തരിപ്പും വൈറ്റമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണമാണ്‌. നാഡീവ്യൂഹപരമായ പ്രവര്‍ത്തനത്തിന്‌ അവശ്യമായ വൈറ്റമിനാണ്‌ ബി12. ഇതിന്റെ അഭാവം നാഡീവ്യൂഹപരമായ ക്ഷതത്തിലേക്ക്‌ നയിച്ച്‌ മരവിപ്പ്‌, തരിപ്പ്‌ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാക്കാം. പാലുത്‌പന്നങ്ങള്‍, മുട്ട, മാംസം എന്നിവയില്‍ വൈറ്റമിന്‍ ബി12 ധാരാളമായി അടങ്ങിയിരിക്കുന്നു. സസ്യാഹാരം പിന്തുടരുന്നവര്‍ക്ക്‌ സപ്ലിമെന്റുകള്‍ കഴിക്കേണ്ടതായി വന്നേക്കാം. നിത്യവുമുള്ള വ്യായാമം രക്തചംക്രമണം വര്‍ധിപ്പിച്ച്‌ മരവിപ്പ്‌ കുറയ്‌ക്കാന്‍ സഹായിക്കും.

തണുത്ത കാലുകള്‍:

ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങള്‍ ചൂടായിരിക്കുകയും കാലുകള്‍ക്ക്‌ മാത്രം തണുപ്പ്‌ അനുഭവപ്പെടുകയും ചെയ്‌താല്‍ അത്‌ അയഡിന്റെയും അയണിന്റെയും അഭാവത്തിന്റെ സൂചനയാകാം. അയണിന്റെയും അയഡിന്റെയും അഭാവം ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള കഴിവിനെ ബാധിക്കുന്നു. തൈറോയ്‌ഡ്‌ പ്രവര്‍ത്തനത്തിനും അയോഡിന്‍ ആവശ്യമാണ്‌. ഇതിന്റെ അഭാവം ചയാപചയം കുറഞ്ഞ്‌ തണുത്ത കാല്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക്‌ നയിക്കാം. അയണിന്റെ അഭാവം ഓക്‌സിജന്‍ വഹിക്കാനുള്ള രക്തത്തിന്റെ ശേഷിയെ ബാധിച്ച്‌ തണുത്ത കാലുകള്‍ക്കും കൈകള്‍ക്കും കാരണമാകാം. കടല്‍പായല്‍, പാലുത്‌പന്നങ്ങള്‍, അയഡൈസ്‌ഡ്‌ ഉപ്പ്‌ എന്നിവ ഭക്ഷണക്രമത്തില്‍ ചേര്‍ക്കുന്നത്‌ അയോഡിന്‍ അഭാവം പരിഹരിക്കും. ചീര, റെഡ്‌ മീറ്റ്‌, ബീന്‍സ്‌ എന്നിവ അയണ്‍ തോതും വര്‍ധിപ്പിക്കും.

content highlight: what-your-feet-reveal-about-your-health