ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്.സി.യെ എതിരില്ലാത്ത മൂന്നുഗോളിന് തകര്‍ത്ത് ബെംഗളൂരു എഫ്.സി. 2024-25 സീസണിലെ ബെംഗളൂരുവിന്റെ രണ്ടാം ജയമാണിത്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം സുനിൽ ഛേത്രി ഇരട്ട ഗോളുമായി(85, 90+4) തിളങ്ങി. രാഹുൽ ബേക്കെയാണ്(5) മറ്റൊരു സ്കോറർ. ജയത്തോടെ പോയന്റ് ടേബിളിൽ ബെംഗളൂരു ഒന്നാംസ്ഥാനത്തേക്കുയർന്നു.
മത്സരത്തിന്റെ അഞ്ചാംമിനിറ്റില്ത്തന്നെ ബെംഗളൂരു എഫ്.സി. മുന്നിലെത്തി. ക്യാപ്റ്റന്‍ രാഹുല്‍ ഭേക്കെ മികച്ച ഒരു വോളിയിലൂടെ ആദ്യ ഗോള്‍ കണ്ടെത്തി. ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡിൽ അവസാനിപ്പിച്ച ബെംഗളൂരു അവസാന 45 മിനിറ്റിലും ഗോൾനേടാനായി തുടരെ അക്രമിച്ചുകളിച്ചു.
57-ാം മിനിറ്റിലാണ് പകരക്കാരനായി ഛേത്രി കളത്തിലിറങ്ങിയത്. 85-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഛേത്രി ബെംഗളൂരുവിനായി രണ്ടാം ഗോൾനേടി. ഒടുവിൽ കളിതീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അഡ്ഗാർ മെൻഡിസിന്റെ അസിസ്റ്റിൽ മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.
ബുധനാഴ്ച പഞ്ചാബ് എഫ്.സി.ക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.