Kerala

കരുവന്നൂർ ബാങ്ക്: മുഴുവൻ തുകയും തിരികെ നൽകിയില്ല; വസ്ത്രം ഊരിയെറിഞ്ഞ് നിക്ഷേപകന്റെ പ്രതിഷേധം | Karuvannur bank: Protest of investor by taking off clothing

ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിൽ കുടുംബാംഗങ്ങളുടെ പേരിൽ നിക്ഷേപിച്ച മുഴുവൻ തുകയും തിരികെ നൽകാൻ അധികൃതർ തയാറാകാതെ വന്നതോടെ ബാങ്കിന് മുൻപിൽ വസ്ത്രം ഊരിയെറിഞ്ഞ് നിക്ഷേപകന്റെ പ്രതിഷേധം.

മാപ്രാണം സ്വദേശി വടക്കേത്തല ജോഷി (54) ആണ് ബംഗ്ലാവ് പരിസരത്തുള്ള ബാങ്ക് ഹെഡ് ഓഫിസിന് മുൻപിൽ പ്രതിഷേധിച്ചത്. ഭാര്യയുടെയും അമ്മയുടെയും സഹോദരിയുടെയും സഹോദരിയുടെ മകളുടെയും പേരിൽ നിക്ഷേപിച്ച അറുപത് ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടാണ് ബാങ്കിൽ എത്തിയത്. രാവിലെ 11ന് ബാങ്കിൽ എത്തിയ ജോഷി സിഇഒ കെ.ആർ.രാകേഷ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹൻദാസ് എന്നിവരുമായി ചർച്ച നടത്തി. മുഴുവൻ നിക്ഷേപത്തുകയും ഒരുമിച്ച് നൽകാൻ സാധിക്കില്ലെന്ന് അധികൃതർ‍ അറിയിച്ചതോടെയാണ് ഓഫിസിന് പുറത്തെത്തി വസ്ത്രം ഊരി പ്രതിഷേധിച്ചത്.

ജോഷിയുടെ പേരിലുള്ള 28 ലക്ഷത്തോളം രൂപ മാസങ്ങൾക്ക് മുൻപ് ഗഡുക്കളായി നൽകിയിരുന്നു. ബാക്കി പണം ചോദിക്കുമ്പോൾ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പരിഹസിക്കുകയാണ് ചെയ്യുന്നതെന്ന് ജോഷി ആരോപിച്ചു. മുഴുവൻ തുകയും ഒരുമിച്ചു നൽകാൻ ബാങ്കിന് ഇപ്പോഴത്തെ അവസ്ഥയിൽ സാധിക്കില്ലെന്നു ബാങ്ക് അധികൃതർ വ്യക്തമാക്കി.