അങ്കോല: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും. ഡ്രഡ്ജർ ഗംഗാവലി പുഴയിൽ ഉറപ്പിച്ച് നിർത്തിയ ശേഷം ഉച്ചയോടെ മണ്ണു മാറ്റുന്ന പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാർവാറിൽ നിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ട ഡ്രഡ്ജർ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മഞ്ജുഗുണി അഴിമുഖത്ത് എത്തിയത്. ഗംഗാവലി പുഴയിലെ പാലം കടക്കുന്നതിനായി വേലിയിറക്ക സമയം വരെ ഡ്രഡ്ജർ അഴിമുഖത്ത് നങ്കൂരമിട്ടു. പിന്നീട് വൈകിട്ട് നാലു മണിക്ക് വേലിയിറക്കം തുടങ്ങിയതോടെ ഡ്രഡ്ജർ പാലത്തിനടിയിലൂടെ നീങ്ങി. ഗംഗാവലി പുഴയിൽ ജല നിരപ്പ് കുറഞ്ഞതിനാൽ റെയിവെ പാലത്തിനടിയിലൂടെ ഡ്രഡ്ജറിന് കടന്നു പോകാനായില്ല. വേലിയേറ്റ സമയത്താവും ഇനി പാലം കടത്തുക.
രാവിലെ 8 മണിയോടെ ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രഡ്ജർ എത്തിയാൽ അത് പുഴയിൽ ഉറപ്പിച്ച് നിർത്തുന്ന പ്രവൃത്തി തുടങ്ങും. ഉച്ചയോടെ മണ്ണു മാറ്റൽ ആരംഭിക്കും. അർജുന്‍റെ ലോറിയുടെ സാന്നിധ്യം അടയാളപ്പെടുത്തിയ സ്ഥലത്താവും ആദ്യം മണ്ണ് നീക്കുക.