ന്യൂയോർക്ക്: പലസ്തീൻ അധിനിവേശം ഇസ്രയേൽ 12 മാസത്തിനകം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഐക്യരാഷ്ട്രസംഘടന (യുഎൻ) പ്രമേയത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് ചർച്ചയിലും നയതന്ത്രത്തിലും വിശ്വസിക്കുന്നതുകൊണ്ടാണെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി പർവതനേനി ഹരീഷ് പറഞ്ഞു. സംഘർഷം വലുതാക്കുകയല്ല, പാലങ്ങൾ നിർമിക്കുകയാണു വേണ്ടത്. പലസ്തീൻ പ്രശ്നത്തിനു ദ്വിരാഷ്ട്ര പരിഹാരമാണു ഇന്ത്യയുടെ നയമെന്നും വ്യക്തമാക്കി. 193 അംഗ യുഎൻ പൊതുസഭയിൽ പ്രമേയത്തിന് അനുകൂലമായി 124 രാജ്യങ്ങളാണ് വോട്ട് ചെയ്തത്. 14 രാജ്യങ്ങൾ എതിർത്തു. ഇന്ത്യയും യുകെയും അടക്കം 43 രാജ്യങ്ങൾ വിട്ടുനിന്നു. ജറുസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ സ്ഥാപിക്കാതെ ഇസ്രയേലുമായി സൗദി അറേബ്യ നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.