India

ഡൽഹി മുഖ്യമന്ത്രിയായി അതിഷിയുടെ സത്യപ്രതിജ്ഞ നാളെ | Atishi’s swearing in tomorrow

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലെന നാളെ സത്യപ്രതിജ്ഞ ചെയ്യും. അതിഷിക്ക്‌ ഒപ്പം മറ്റ് അഞ്ചു മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിസഭയിലേക്ക് പുതുമുഖമായി മുകേഷ് കുമാർ അഹ്‌ലാവത്ത് എത്തും. രാജ്നിവാസിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വലിയ ആഘോഷമാക്കേണ്ടെന്നാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. മുഖ്യമന്ത്രി പദവി രാജിവച്ച അരവിന്ദ് കേജ്‌രിവാൾ ഇന്നുമുതൽ ഹരിയാനയിൽ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ സജീവമാകും.

കേജ്‌രിവാൾ മന്ത്രിസഭയിലെ ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവർ മന്ത്രിമാരായി തുടരും. മുഖ്യമന്ത്രി ഉൾപ്പെടെ 7 പേരാണ് കേജ്‌രിവാൾ മന്ത്രിസഭയിൽ മുൻപുണ്ടായിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സത്യേന്ദർ ജയിനും മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയും രാജിവച്ചു. തുടർന്ന് അതിഷിയും സൗരഭ് ഭരദ്വാജും മന്ത്രിമാരായി. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ മന്ത്രിസ്ഥാനം രാജിവച്ച് ബിഎസ്പി സ്ഥാനാർഥിയായി മത്സരിച്ച രാജ്കുമാർ ആനന്ദ് പിന്നീട് ബിജെപിയിൽ ചേർന്നു. അതിഷി മുഖ്യമന്ത്രിയാകുമ്പോൾ മന്ത്രിസഭയിൽ 6 പേരേയുള്ളൂ. രാജ്കുമാർ ആനന്ദ് രാജിവച്ച ഒഴിവിലേക്കാണ് വ്യാപാരിയായ മുകേഷ് കുമാർ അഹ്‌ലാവത്ത് (44) എത്തുന്നത്.