മാംസം പച്ചയ്ക്ക് കഴിക്കുന്നത് ഈ അടുത്തകാലത്താണ് വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. വേവിക്കാത്ത മാംസം കഴിച്ച് അസുഖം ബാധിച്ച ഒരാളുടെ സിടി സ്കാൻ ചിത്രം നിങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിച്ചിരിക്കും. വേവിക്കാത്ത പന്നിയിറച്ചി കഴിച്ച രോഗിയുടെ കാലുകളിൽ ഗുരുതരമായ രീതിയിൽ പാരസൈറ്റ് ഇൻഫെക്ഷൻ ബാധിച്ചതായാണ് സിടി സ്കാനിലുള്ളത്. ഡോക്ടർ തന്നെയാണ് ഇത് പങ്കുവെച്ചിട്ടുള്ളത്.
പേര് കേട്ടാൽ ഭയപ്പെടുത്തുന്നതാണ് രോഗത്തിൻ്റെ പേര്. സിസ്റ്റിസിർകോസിസ് എന്ന പാരസൈറ്റ് ഇൻഫെക്ഷനാണ് രോഗിയെ ബാധിച്ചിരിക്കുന്നത്. ടീനിയ സോലിയം എന്ന നാടവിരയിലെ മുട്ടകളിൽ നിന്നാണ് അണുബാധയുണ്ടാകുന്നത്. പന്നിയിറച്ചി നന്നായി വേവിക്കാതെ കഴിക്കുന്നതിലൂടെയാണ് ഈ അണുബാധ ഉണ്ടാവുന്നത്. വേവിക്കാതെ കഴിക്കുന്നതിലൂടെ പന്നിയിറച്ചിയിലുള്ള നാടവിരയിലെ ലാർവൽ സിസ്റ്റുകൾ ശരീരത്തിൽ എത്തിയാണ് അണുബാധയുണ്ടാകുന്നത്.
നന്നായി വേവിക്കാത്ത പന്നി ഇറച്ചി തിന്നുന്നതിലൂടെ ശരീരത്തിലെത്തുന്ന അണുബാധ അഞ്ചുമുതൽ പന്ത്രണ്ട് ആഴ്ചകൾക്കുള്ളിൽ ദഹനനാളത്തിൽ വെച്ച് തന്നെ പൂർണവളർച്ചയിൽ എത്തുകയും നാടവിരകളായി മാറുകയും ചെയ്യുന്നു. ഇവ പിന്നീട് മുട്ടകൾ ഉത്പാദിപ്പിക്കുകയും മനുഷ്യവിസർജത്തിലൂടെ പുറന്തള്ളുകയും ചെയ്യും. ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുക മാത്രമല്ല, സിസ്റ്റിസിർകോസിസ് എന്ന അവസ്ഥയ്ക്കും ഇവ കാരണമാകുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ മുട്ടകളിൽ നിന്ന് പിന്നീട് ലാർവകൾ പുറത്ത് വരികയും അത് കുടൽഭിത്തിയിൽ തുളച്ചുകയറി രക്തപ്രവാഹത്തിലേക്കും ശരീരത്തിന്റെ മറ്റുഭാഗത്തിലേക്കും പ്രവഹിക്കുകയും ചെയ്യും.
ശരിയായ തപനിലയിൽ വേവിക്കാത്ത മാംസം കഴിക്കുന്നത് ഹാനികരമായ ബാക്ടീരിയയും വിരകളും മറ്റ് രോഗാണുക്കളും ഉള്ളിലെത്താന്‍ കാരണമാകും. ഇത് മരണത്തിനു വരെ വഴി വച്ചേക്കാം.
ശരിയായ പാചകത്തിന്റെ പ്രാധാന്യം എന്താണ് ?
വേവിക്കാതെ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഓരോ ഇനവും പ്രത്യേക താപനിലകളില്‍ പാകം ചെയ്യാൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) ശുപാർശ ചെയ്യുന്നു:
പൗൾട്രി (ചിക്കൻ, ടർക്കി): 165°F (74°C)
ഗ്രൗണ്ട് മീറ്റ് – ബീഫ്, പന്നിയിറച്ചി, ആട്: 160°F (71°C)
ബീഫ്, പന്നിയിറച്ചി, ആട് എന്നിവ മുഴുവനോടെ: 145°F (63°C), തുടർന്ന് 3 മിനിറ്റ് വിശ്രമ സമയം
മത്സ്യം : 145°F (63°C)
ഇവയുടെ താപനില പരിശോധിക്കാന്‍ തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
വളരെ എളുപ്പത്തിൽ ഇറച്ചി പാകം ചെയ്തെടുക്കാം
മട്ടൻ ആണെങ്കിലും ബീഫ് ആണെങ്കിലുമൊക്കെ നല്ലതുപോലെ വെന്തു കിട്ടണമെങ്കിൽ സമയം കൂടുതൽ വേണ്ടി വരും. എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ മനസ്സിൽ വച്ചോളൂ, വളരെ എളുപ്പത്തിൽ ഇറച്ചി പാകം ചെയ്തെടുക്കാം. ഇറച്ചി പാകം ചെയ്യുന്നതിന് മുൻപ് കനം കുറഞ്ഞ കഷ്ണങ്ങളായി മുറിച്ചെടുക്കുക എന്നതാണ് ആദ്യ ഘട്ടം. എളുപ്പത്തിൽ വെന്തു കിട്ടണമെന്നുണ്ടെങ്കിൽ ഒട്ടും തന്നെയും കട്ടിയില്ലാത്ത കഷ്ണങ്ങളായിരിക്കണം. കനം കൂടിയവയേക്കാൾ എളുപ്പത്തിൽ വെന്തുകിട്ടാനിതു സഹായിക്കും.
ഇറച്ചി തിരഞ്ഞെടുക്കുമ്പോൾ ബ്രെസ്റ്റ് ഭാഗമാണെങ്കിൽ ചെറിയ കഷ്ണങ്ങളായി കനം കുറച്ച് മുറിച്ചെടുക്കണം. ഇങ്ങനെ ചെയ്യുന്നത് എല്ലാ ഭാഗത്തും ചൂട് ഒരു പോലെ കിട്ടാൻ സഹായിക്കുമെന്ന് മാത്രമല്ല, വേഗം പാകമാകുകയും ചെയ്യും. മാരിനേറ്റ് ചെയ്യുന്നത് ശരിയായ രീതിയിലാണെങ്കിൽ പാകം ചെയ്തെടുക്കാനുള്ള സമയവും ലാഭിക്കാവുന്നതാണ്. കൂടുതൽ സമയം മാരിനേറ്റ് ചെയ്തു വെയ്ക്കുന്ന പക്ഷം ഇറച്ചിയുടെ രുചി വർധിക്കുമെന്ന് മാത്രമല്ല, കുറഞ്ഞ സമയം കൊണ്ട് വെന്തുകിട്ടുകയും ചെയ്യും. പാകം ചെയ്യാനുള്ള ഇറച്ചിയിൽ മസാല പുരട്ടി വെയ്ക്കുന്നതിനൊപ്പം ചെറുനാരങ്ങാ നീരോ, വിനാഗിരിയോ, തൈരോ ചേർക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് മാംസത്തെ മൃദുവാക്കുന്നതിനൊപ്പം എളുപ്പത്തിൽ പാകമാകാൻ സഹായിക്കും.
മാംസം പാകം ചെയ്യുമ്പോൾ ചൂട് തീരെ കുറഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. കരിഞ്ഞു പോകാത്ത രീതിയിൽ ചൂട് ക്രമീകരിച്ചു വേണം ഇറച്ചി പാകം ചെയ്തെടുക്കാൻ. ഇറച്ചി എളുപ്പത്തിൽ പാകം ചെയ്യണമെന്നുണ്ടെങ്കിൽ കുക്കർ ഉപയോഗിക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഈ രീതിയിൽ വേവിച്ചെടുക്കാവുന്നതാണ്.
ഇറച്ചി ഉപ്പു ചേർത്ത് പകുതി വേവിച്ചതിനു ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ആവശ്യം വരുന്ന സമയത്ത് എടുത്തു ഉപയോഗിക്കാവുന്നതാണ്. ഇറച്ചി വാങ്ങുമ്പോൾ അധികം മൂക്കാത്ത മാംസം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇളം മാംസത്തിന് വേവ് കുറവായിരിക്കും. ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു രീതി ഇറച്ചി പാകം ചെയ്യുമ്പോൾ പരീക്ഷിക്കാവുന്നതാണ്. പച്ച പപ്പായ ചേർത്ത് ഇറച്ചി വേവിക്കുന്ന പക്ഷം എളുപ്പത്തിൽ വെന്തുകിട്ടും. പപ്പായ ചേർക്കുമ്പോൾ ഇറച്ചിക്ക് മാർദ്ദവം കൂടും വേഗം പാകമാകുകയും ചെയ്യും.
മാംസത്തിലെ രോഗകാരികള്‍
കോഴി, ഗോമാംസം, പന്നിയിറച്ചി, കടൽ ഭക്ഷണം എന്നിവ ശരിക്ക് വേവിക്കാതെ കഴിക്കുന്നത് ദോഷകരമായ ബാക്ടീരിയകളും മറ്റും ശരീരത്തിനുള്ളില്‍ വളരാനും ദോഷമുണ്ടാക്കാനും കാരണമാകും.
ഭക്ഷ്യജന്യരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് സാൽമൊണല്ല ബാക്ടീരിയ. പ്രധാനമായും കോഴിയിറച്ചിയിലും മുട്ടയിലുമാണ് കാണപ്പെടുന്നത്, ബീഫ്, പന്നിയിറച്ചി എന്നിവയിലും കാണാറുണ്ട്.
എഷെറിക്കീയ കോളി അഥവാ ഇ.കോളി ബാക്റ്റീരിയയാണ് മറ്റൊരു വില്ലന്‍. മനുഷ്യന്‍റെ മാത്രമല്ല, പല ജന്തുക്കളുടെയും കുടലിനുള്ളിലും, വിസർജ്യത്തിലും , മലിന ജലത്തിലുമെല്ലാം ഈ ബാക്ടീരിയ ഉണ്ട്. ഈ വിഭാഗത്തിലെ പല ബാക്ടീരിയ ഇനങ്ങളും ആതിഥേയജീവിക്ക് ഉപദ്രവകാരികളല്ല. എന്നാൽ , ഇതിന്‍റെ 0157 എന്ന സെരോ ഇനം(serotype) മാരകമായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകാറുണ്ട്. ഇത് സാധാരണയായി വേവിക്കാത്ത ബീഫിൽ കാണപ്പെടുന്നു.
കാംപിലോബാക്റ്റർ എന്ന് പേരുള്ള ബാക്ടീരിയയാണ് മറ്റൊന്ന്. കോഴിയിറച്ചിയിൽ സാധാരണയായി കാണപ്പെടുന്ന ഈ ബാക്‌ടീരിയ, ചിലപ്പോൾ ഗില്ലിൻ-ബാരെ സിൻഡ്രോം പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. വേവിക്കാത്ത പന്നിയിറച്ചിയിലും ആട്ടിറച്ചിയിലും കാണുന്ന ടോക്സോപ്ലാസ്മ ഗോണ്ടി എന്നയിനം പ്രോട്ടോസോവ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവരിലോ ഗർഭാവസ്ഥയിലോ ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമായേക്കാം..
ലക്ഷണങ്ങള്‍
ദോഷകരമായ ബാക്ടീരിയകളോ പരാന്നഭോജികളോ അടങ്ങിയ വേവിക്കാത്ത മാംസം കഴിക്കുമ്പോൾ, ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉടൻ തന്നെ പ്രതികരിക്കും. ആദ്യമായി ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവ ഉണ്ടായേക്കാം. കഠിനമായ വയറിളക്കവും ഛർദ്ദിയും നിർജ്ജലീകരണത്തിനും പേശീവലിവിനും ഇടയാക്കും. ഈ അണുബാധയ്ക്കെതിരെ പ്രതികരിക്കുന്നതിന്‍റെ ഭാഗമായി പനിയും ക്ഷീണവും അനുഭവപ്പെടാം.
ഇ കോളി ബാക്ടീരിയ പുറത്തുവിടുന്ന ഷിഗ ടോക്സിൻ എന്നറിയപ്പെടുന്ന വിഷവസ്തുക്കൾ കുടലിന്റെ ആവരണത്തെ നശിപ്പിക്കും. ഇത് വൃക്ക തകരാറ്, വിളർച്ച, കുറഞ്ഞ പ്ലേറ്റ്‌ലെറ്റ് കൗണ്ട് എന്നിവയിലേക്ക് നയിച്ചേക്കാം. ടോക്സോപ്ലാസ്മ ഗോണ്ടി മൂലമുണ്ടാകുന്ന ടോക്സോപ്ലാസ്മോസിസും ചികിത്സിച്ചില്ലെങ്കില്‍ അപകടകരമാണ്.
content highlight: safe-meat-cooking