ഹോർമോൺ അസന്തുലിതാവസ്ഥ ഉൾപ്പെടെ മിക്കവാറും എല്ലാ ആരോഗ്യപ്രശ്നങ്ങളും യോഗയിലൂടെ പരിഹരിക്കാനാകും. നിങ്ങളുടെ ആർത്തവചക്രം ക്രമീകരിക്കാനും നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കാനും യോഗ സഹായിക്കും. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയെ നേരിടാനും ഇത് സഹായിക്കും.
ഹോർമോൺ അസന്തുലിതാവസ്ഥ മാറ്റാനും സഹായിക്കുന്ന ചില ലളിതമായ യോഗാസനങ്ങൾ ഇതാ:
ഭുജംഗാസനം
ഭുജംഗം എന്നാല്‍ സര്‍പ്പം (പാമ്പ്) എന്നര്‍ഥം. സര്‍പ്പം പത്തിവിടര്‍ത്തി നിൽക്കുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് ഈ ആസനത്തിന് ഭുജംഗാസനം എന്ന പേരു വന്നത്. നടുവേദന പരിഹരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു യോഗാസനമാണ് ഭുജംഗാസനം. ഇരുന്നും നിന്നും ജോലി ചെയ്യുന്നവർക്ക് ഏറ്റവും പ്രയോജനകരമായ ഒരു ആസനമാണിത്. കമഴ്ന്നു കിടന്നാണ് ഈ ആസനം ചെയ്യേണ്ടത്. ഗർഭിണികളും ഗുരുതരമായ നട്ടെല്ലു പ്രശ്നമുള്ളവരും ഈ യോഗാസനം ഒഴിവാക്കേണ്ടതാണ്.
- ആദ്യം കമഴ്ന്നു കിടക്കുക. തുടര്‍ന്ന് ഇരു കാലുകളും നീട്ടി ചേർത്തു വയ്ക്കാം. ചേർത്തു വയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്കു മാത്രം ഇരുകാലുകളും അൽപം അകറ്റിവയ്ക്കാം.
- ഇരു കൈപ്പത്തികളും തോളിന് അടുത്തായി നിലത്തു കമഴ്ത്തി വയ്ക്കുക. കൈമുട്ടുകള്‍ മുകളിലേക്കു നോക്കി ഇരിക്കണം.
- നെഞ്ചും നെറ്റിയും നിലത്തു പതിയത്തക്കവണ്ണം കിടക്കണം. തോളുകൾ അയഞ്ഞിരിക്കണം.
- സാവാധാനത്തില്‍ ശ്വാസഗതിക്കനുസരിച്ച് തല, നെഞ്ച്, നാഭി വരെ ഉയർത്തിക്കൊടുക്കുക. തോളുകൾ സർപ്പത്തിന്റെ പത്തി പോലെ വിടർന്നിരിക്കണം.
- ശ്വാസം വിട്ടുകൊണ്ട് പതിയെ താഴേക്കു വരാം. കഴിയുന്നത്ര പ്രാവശ്യം ഈ ആസനം ചെയ്യാവുന്നതാണ്.
- ഈ യോഗ ചെയ്യുമ്പോള്‍ അരക്കെട്ടുവരെ ശരീരം പൊങ്ങുന്നതു കൊണ്ട് അരക്കെട്ടിലെ ഞരമ്പുകളുടെ ബലക്കുറവു കാരണം രക്തസഞ്ചാരത്തില്‍ തടസ്സം നേരിടുമ്പോള്‍ ഉണ്ടാകുന്ന നടുവേദനയ്ക്ക് ആശ്വാസം കിട്ടും. നട്ടെല്ലിന് അയവു കിട്ടുന്നു.
ശലഭാസന
- കമിഴ്ന്നുകിടന്ന് ചെയ്യുന്ന ആസനമാണ് ശലഭാസനം. ഈ ആസനം ദിവസവും പരിശീലിക്കുന്നതുവഴി കാലിലെയും വയറിലേയും നെഞ്ചിലേയും മാംസപേശികള്‍ക്ക് ശക്തി ലഭിക്കും.
- ശലഭാസനം തുടങ്ങുന്നതിന് മുന്‍പായി ആദ്യം കാലുകള്‍ അകത്തിവെക്കുക. തുടര്‍ന്ന് കൈകള്‍ ഓരോന്നായി തോളില്‍ വെക്കുക.
- ഇനി തല കൈകളിലോ താഴെയോ വെച്ചുകൊണ്ട് കണ്ണടച്ചു വിശ്രമിക്കുക. ഈ ആസനമാണ് മകരാസനം.
- കമിഴ്ന്നുകിടന്ന് ചെയ്യുന്ന ആസനങ്ങള്‍ക്ക് മുന്‍പോ ശേഷമോ മകരാസനത്തില്‍ അല്പസമയം വിശ്രമിക്കാം. ഇതിനുശേഷം രണ്ട് കാലുകളും ചേര്‍ത്തുവെക്കുക. കൈകള്‍ മുന്നിലേക്ക് നീട്ടിപ്പിടിക്കുക. ഇതിനെ സ്ഥിതി എന്നു പറയുന്നു. ഇതില്‍ നിന്ന് തുടങ്ങാം.
നാലു കൗണ്ടുകളായാണ് ഈ ആസനം ചെയ്യേണ്ടത്.
Count 1: കൈകള്‍ ഓരോന്നായി മുഷ്ടി ചുരുട്ടിപ്പിടിച്ച് ഓരോ തുടകളുടെയും താഴെ വെക്കുക. കാലുകള്‍ ചേര്‍ന്നിരിക്കണം.
Count 2: ഇനി ശ്വാസം എടുത്തുകൊണ്ട് രണ്ട് കാലുകളും ഒരുമിച്ച് ഉയര്‍ത്തുക. സാധാരണ ശ്വാസത്തില്‍ ഈ നില തുടരുക. താടി തറയില്‍ നിന്ന് ഉയരാന്‍ പാടില്ല. കാലുകള്‍ ഒരുപാട് ഉയരേണ്ടതില്ല. കാല്‍മുട്ട് വളയാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈകളില്‍ ബലംകൊടുത്തുകൊണ്ടാണ് ഈ നിലയിലേക്ക് ഉയര്‍ത്തുന്നത്.
Count 3: ശ്വാസം പുറത്തുവിട്ടുകൊണ്ട് വളരെ സാവധാനം പൂര്‍വസ്ഥിതിയിലേക്ക് വരുക.
Count 4: കൈകള്‍ മുന്നിലേക്ക് വീണ്ടും നിവര്‍ത്തുക. ഇനി പതുക്കെ സ്ഥിതിയിലേക്ക് വന്ന് മകരാസനത്തില്‍ വിശ്രമിക്കാം.
ശരീരത്തിലുണ്ടായ ഓരോ മാറ്റങ്ങളും തിരിച്ചറിയുക. രണ്ടുകാലുകളും ഒരുമിച്ച് ചെയ്യാന്‍ പറ്റാത്തവര്‍ക്ക് ഓരോ കാലുകളിലായി ചെയ്യാവുന്നതാണ്.
സർവാംഗാസനം
ശരീരത്തിലെ എല്ലാ ഭാഗങ്ങൾക്കും ഈ യോഗാസനം പ്രയോജനകരമായതുകൊണ്ടാണ് സർവാംഗാസനം എന്നു പേരു വന്നത്.
1. മലർന്നു കിടക്കുക. കൈകൾ ശരീരത്തിന്റെ ഇരുവശവും കമിഴ്ത്തി വയ്ക്കുക.
2. ശ്വാസമെടുത്തു കൊണ്ട് മുട്ടുമടക്കാതെ രണ്ടുകാലുകളും ഉയർത്തുക.
3. കാലുകൾക്കൊപ്പം അരക്കെട്ടും ഉയർത്തുക. തോളുകൾ വരെ ഉയർത്തുക. തലയുടെയും കഴുത്തിന്റെയും പിൻഭാഗവും തോൾഭാഗവും നിലത്തു പതിഞ്ഞിരിക്കണം.
4. പുറംഭാഗത്ത് രണ്ടു കൈകൾ കൊണ്ട് താങ്ങ് കൊടുക്കണം. ശരീരഭാരം മുഴുവനും തോളിലായിരിക്കണം. സാവധാനം സുഖകരമായ രീതിയിൽ ദീർഘമായി ശ്വാസമെടുക്കുക. ശരീരം ആടരുത്. ആസനം കഴിയുമ്പോൾ കാലുകൾ സാവധാനം ശ്രദ്ധയോടു കൂടി താഴോട്ടു കൊണ്ടുവരണം.
യോഗ ശീലമാക്കിയവർ സർവാംഗാസനത്തിൽ നിന്ന് നേരിട്ട് ഹലാസനത്തിലേക്കും പിന്നീട് ഹലാസനത്തിന്റെ വിപരീത ആസനമായ സേതുബന്ധാസനവും അവസാനം മത്സ്യാസനവും ചെയ്യുന്നുണ്ട്. തുടക്കക്കാർക്ക് സർവാംഗാസനം കഴിഞ്ഞ് നേരിട്ട് മത്സ്യാസനം ചെയ്യാം.
പവനമുക്താസന
പുറംവേദനയ്ക്കുള്ള ഉത്തമപ്രതിവിധിയാണ് പവനമുക്താസന. ശരീരത്തിന്റെ ഇരുവശത്തുമുള്ള മേദസ് കുറച്ച് പേശികള്‍ ദൃഢമാക്കും. തുടകളുടെയും അരക്കെട്ടിനെയും ബലപ്പെടുത്തും. ശരീരത്തിന്റെ പിഎച്ച് ലെവല്‍ നിയന്ത്രിക്കാന്‍ പവനമുക്താസനത്തിന്‌ശേഷിയുണ്ടെന്ന് ശാസ്ത്രം പറയുന്നു. ഇതുവഴി വയറിന്റെ ആരോഗ്യവും ശരീരത്തിലെ മെറ്റബോളിസവും കൂട്ടാനും ഈ യോഗ ഉത്തമമാണ്.
ചെയ്യേണ്ട വിധം
താഴെ മലര്‍ന്നുകിടക്കുക. കാല്‍നീട്ടിവയ്ക്കുക. കാലുകളുടെ ഉപ്പൂറ്റികള്‍ ചേര്‍ത്തുവയ്ക്കുക. കൈകള്‍ വശങ്ങളില്‍ വയ്ക്കണം. ശക്തമായി നിശ്വസിക്കുക. മുട്ടുമടക്കി നെഞ്ചിലേക്ക് കൊണ്ടുവരിക. തുടകള്‍ വയറിലെ പേശികളെ അമര്‍ത്തണം. തുടകള്‍ക്ക് പിന്നില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് മുട്ടിനെ നെഞ്ചിലേക്ക് കൂടുതല്‍ അടുപ്പിക്കുക. ശക്തമായി ശ്വാസം ഉള്ളിലേക്കു വലിയ്ക്കുക. ഇതേനിലയില്‍ 60 സെക്കന്റുകള്‍ മുതല്‍ 90 സെക്കന്റുകള്‍ വരെ തുടരുക. ശ്വാസം പുറത്തേക്കുവിട്ടുകൊണ്ട് കാലുകള്‍ താഴേക്ക് കൊണ്ടുപോയി പഴയ സ്ഥിതിയിലെത്തിക്കുക. കൈകള്‍ ശരീരത്തിന്റെ വശങ്ങളില്‍ വയ്ക്കുക. 15 സെക്കന്റ് വിശ്രമത്തിനുശേഷം ഇത് ആവര്‍ത്തിക്കുക. അഞ്ചുപ്രാവശ്യം ചെയ്യുക.
CONTENT HIGHLIGHT: yoga-poses-for-hormonal-balance