സൗദി ദേശീയ ബാങ്കായ സാമ വായ്പ നിരക്കിൽ കുറവ് വരുത്തി. റിപ്പോ- റിവേഴ്സ് റിപ്പോ നിരക്കുകൾ അര ശതമാനം തോതിൽ കുറച്ചു. ആഗോള സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നടപടി. അമേരിക്കൻ ഫെഡറൽ റിസർവ് വായ്പ നിരക്കിൽ അര ശതമാനം തോതിൽ കുറവ് വരുത്തിയിരുന്നു. സൗദി ദേശീയ ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് 5.50 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 50 ബേസിസ് പോയന്റ് കുറച്ച് അഞ്ച് ശതമാനമായുമാണ് നിശ്ചയിച്ചത്. അമേരിക്കൻ ഫെഡറൽ റിസർവ് വായ്പാ നിരക്കുകളിൽ അരശതമാനത്തിന്റെ കുറവ് വരുത്തിയതിന് പിന്നാലെയാണ് സൗദിയുടെയും നടപടി.
കുവൈത്ത് ബഹറൈൻ, യു.എ.ഇ, ഖത്തർ സെൻട്രൽ ബാങ്കുകളും നിരക്കുകൾ കുറച്ചിട്ടുണ്ട്. ദേശീയ ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയിന്മേൽ ഈടാക്കുന്ന പലിശയാണ് റിപ്പോ. വാണിജ്യ ബാങ്കുകളിൽ നിന്ന് ദേശീയ ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ പലിശയാണ് റിവേഴ്‌സ് റിപ്പോ. ദേശീയ ബാങ്ക് വായ്പാ നിരക്കുകൾ കുറച്ചതിനാൽ വാണിജ്യ ബാങ്കുകൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന വായ്പാ നിരക്കുകളിലും കുറവ് വരും. ഇത് ഉപയോക്താക്കളുടെ വായ്പാ തിരിച്ചടവ് എളുപ്പത്തിലാക്കും.
സൗദി റിയാലിനെയും അമേരിക്കൻ ഡോളറിനെയും സ്ഥിരവിനിമയ നിരക്കിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിനാൽ വായ്പാ നിരക്ക് നയങ്ങളിൽ അമേരിക്കൻ ഫെഡറൽ റിസർവിനെ പിന്തുടരുകയാണ് സൗദി അറേബ്യയും ഗൾഫ് രാജ്യങ്ങളും ചെയ്തുവരുന്നത്.