മാർഗനിർദേശം ലംഘിച്ചു പ്രവർത്തിച്ച മൂന്ന് സ്വകാര്യ നോട്ടറികൾക്ക് പിഴ ചുമത്തി. അബൂദബി ജൂഡീഷ്യൽ വകുപ്പിനു കീഴിലുള്ള സ്വകാര്യ നോട്ടറി കാര്യ സമിതി 50,000 ദിർഹമാണ് പിഴ വിധിച്ചത്. സ്വകാര്യ നോട്ടറി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ഓഫീസിന്റെ ലൈസൻസ്, രജിസ്‌ട്രേഷൻ അപേക്ഷ, നോട്ടറി രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ എന്നിവയാണ് സമിതി പരിശോധിച്ചത്.
വർഷത്തിന്റെ ആദ്യ പകുതിയിൽ നടന്ന ഇടപാടുകൾ കമ്മിറ്റി വിലയിരുത്തി. നോട്ടറികൾ നൽകിയ സേവനങ്ങളിൽ ഉപഭോക്തൃ സംതൃപ്തി നിരക്ക് 92 ശതമാനമായിരുന്നു. സമിതി അംഗങ്ങളായ യൂസുഫ് ഹസൻ അൽ ഹൊസനി, അബ്ദൂല്ല സെയിഫ് സഹ്‌റാൻ, മുഹമ്മദ് ഹിഷാം എൽറാഫി, ഖാലിദ് സലിം അൽതമീമി എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
നോട്ടറി സേവനങ്ങളുടെ സമയം 50 ശതമാനവും രേഖകൾ തയ്യാറാക്കുന്നതിനുള്ള സമയം 70 ശതമാനം വരെയാണ് വെട്ടിക്കുറച്ചത്. സീറോ ഗവൺമെൻറ് ബ്യൂറോക്രസി പരിപാടിയുടെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യം നടപ്പാക്കിയത്. യു.എ.ഇയ്ക്ക് അകത്തും പുറത്തുമുള്ള താമസക്കാർക്ക് നോട്ടറി പബ്ലിക് സംവിധാനം ഉപയോഗിച്ച് സേവനം തേടാവുന്നതാണ്. എല്ലാ ദിവസങ്ങളിലും നോട്ടറി പബ്ലിക് സേവനം ഡിജിറ്റലായി ലഭ്യമാണ്.