ലെബനനിൽ ചൊവ്വാഴ്ചയുണ്ടായ പേജർ സ്‌ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിൻസൻ ജോസിന്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ ലിമിറ്റഡ് കമ്പനിക്ക് സ്‌ഫോടനവുമായി ബന്ധമില്ലെന്ന് ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
പേജർ വാങ്ങാൻ പണം കൈമാറിയിരുന്നത് റിൻസന്റെ കമ്പനി വഴിയാണെന്നാണ് അന്വേഷണ ഏജൻസിയ്ക്ക് വിവരം കിട്ടിയിരുന്നത്. ഇതേ തുടർന്ന് റിൻസന്റെ കമ്പനിയുടെ പ്രവർത്തനത്തെപ്പറ്റി അന്വേഷണം തുടങ്ങിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ കമ്പനിയുടെ പണമിടപാടുകൾ നിയമപരമായി തന്നെയാണ് നടന്നിരുന്നതെന്നും, ഒരു കമ്മ്യൂണിക്കേഷൻ ഉപകരണവും ബൾഗേറിയിൽ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടില്ലെന്നും, നോർട്ട ഗ്ലോബൽ ബൾഗേറിയയിൽ നിന്ന് തായ് വാനിലേക്ക് കയറ്റിറക്കുമതി നടത്തിയതിന് രേഖകളില്ലെന്നും അന്വേഷണ ഏജൻസി ബൾഗേറിയൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
തായ്‌വാനിലെ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ ലോഗോ ഉള്ള പേജറുകളാണ് ലെബനനിൽ ഈ മാസം 17 ന് പൊട്ടിത്തെറിച്ചത്. എന്നാൽ ഇവ നിർമിച്ചിട്ടില്ലെന്നും ഹംഗേറിയൻ കമ്പനിയായ ബിഎസി കൺസൾട്ടിങ് കെഎഫ്ടിക്ക് ബ്രാൻഡ് നെയിം
ഉപയോഗിക്കാനുള്ള അവകാശം നൽകിയിരുന്നു എന്നും ഗോൾഡ് അപ്പോളോ വിശദീകരിച്ചിരുന്നു. ബിഎസി കൺസൾട്ടിങ് കെഎഫ്ടിക്ക് ഇടപാടിനുള്ള പണമെത്തിയത് റിൻസൻ്റെ കമ്പനി വഴിയാണെന്നായിരുന്നു റിപ്പോർട്ട്. നോർവേയിലെ ഓസ്ലോയിൽ താമസിക്കുന്ന റിൻസൻ തൻ്റെ കമ്പനി ബൾഗേറിയയിലാണ് രജിസ്റ്റർ ചെയ്തത്.
വയനാട് മാനന്തവാടി സ്വദേശിയാണ് റിൻസൻ ജോസ്.
STORY HIGHLIGHT: clean chit to rinson jose on pager blast