ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ആശുപത്രി വിട്ടു. ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് ശ്രുതി ആശുപത്രിയിൽനിന്ന് മടങ്ങിയത്. അച്ഛന്റെ സഹോദരന്റെ മുണ്ടേരിയിലെ വീട്ടിലേക്കാണ് പോകുന്നതെന്ന് ശ്രുതി പറഞ്ഞു. വിശ്രമത്തിൽ തുടരാനാണ് ശ്രുതിയുടെ തീരുമാനം.
ശ്രുതിയുടെ ഡിസ്ചാർജുമായി ബന്ധപ്പെട്ട് എംഎൽഎ സിദ്ധിഖ് ആശുപത്രിയിൽ എത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം മല്ലു രവി ശ്രുതിയുടെ ചികിത്സാ ചെലവ് വഹിച്ചെന്നും, ശ്രുതിക്ക് നാളെ തന്നെ വർക്ക് ഫ്രം ഹോം ചെയ്യാൻ ലാപ്ടോപ് വീട്ടിൽ എത്തിച്ച് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരണപ്പെട്ടിരുന്നു. പിന്നെ വയനാട്ടിലെത്തിയ ശ്രുതിക്ക് മാനസിക പിന്തുണ നൽകി ഒപ്പം നിന്നത് പ്രതിശ്രുത വരൻ ജെൻസണായിരുന്നു. കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ മരിച്ചിരുന്നു.
അമ്മ സബിതയുടെ മൃതദേഹം അടക്കിയ പുത്തുമലയിലെ പൊതുശ്മാശാനത്തിൽ എത്തിയതായിരുന്നു ശ്രുതിയും ജെൻസനും. ഇവിടെ നിന്നു കോഴിക്കോട് ബന്ധുവീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.
STORY HIGHLIGHT: jenson fiancee shruthi left hospital