പ്രശസ്ത ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കവിയൂര്‍ പൊന്നമ്മയുടെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണ്. കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും കെ.സുധാകരന്‍ പറഞ്ഞു.
‘അമ്മ വേഷങ്ങളിലൂടെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ പ്രിയങ്കരിയായ കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍. അഭിനയ പ്രാധാന്യമേറിയ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ അവരുടെ ആറരപതിറ്റാണ്ടത്തെ അഭിനയ സപര്യയിലൂടെ സാധിച്ചു. അതുല്യ പ്രതിഭയായ കവിയൂര്‍ പൊന്നമ്മയുടെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.’, കെ.സുധാകരന്‍ പറഞ്ഞു.
അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ 79 വയസിൽ കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലാണ് അർബുദം സ്ഥിരീകരിച്ചത്. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇന്ന് വൈകിട്ടോടെ അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും.