Recipe

ചെമ്മീന്‍ ഉലര്‍ത്തിയത് കഴിച്ചിട്ടുണ്ടോ? തയ്യാറാക്കാം പത്ത് മിനിറ്റില്‍

ചെമ്മീന്‍ വിഭവങ്ങള്‍ ഇഷ്ടമല്ലാത്തതായി ആരും തന്നെ ഉണ്ടാകില്ല. ചെമ്മീന്‍ ഉലര്‍ത്തിയത് ആണെങ്കില്‍ ആവശ്യക്കാര്‍ ഏറെയുമാണ്. വീട്ടില്‍ തന്നെ 10 മിനിറ്റില്‍ തയ്യാറാക്കാവുന്ന നല്ല രുചികരമായ ചെമ്മീന്‍ ഉലര്‍ത്തിയത് എങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം.

ആവശ്യമായ ചേരുവകള്‍;

  • ചെമ്മീന്‍
  • കുരുമുളകുപൊടി
  • ഉപ്പ്
  • മഞ്ഞള്‍പ്പൊടി
  • തേങ്ങാക്കൊത്ത്
  • എണ്ണ
  • മുളകുപൊടി
  • കറിവേപ്പില
  • ചെറിയ ഉള്ളി
  • വെളുത്തുള്ളി
  • ഇഞ്ചി
  • കുടംപുളി

തയ്യാറാക്കുന്ന വിധം;

ചെമ്മീന്‍ വൃത്തിയാക്കി എടുക്കുക. ശേഷം ചെമ്മീനിലേക്ക് കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി പെരട്ടി മാറ്റി അല്‍പനേരം അടച്ച് വെയ്ക്കുക. ശേഷം ഒരു ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോഴേക്കും ഇതിലേക്ക് തേങ്ങാക്കൊത്ത് ചേര്‍ത്തുകൊടുക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളവും രണ്ട് കുടംപുളിയും ആവശ്യത്തിന് ഉപ്പും കാശ്മീരി മുളകുപൊടിയും എരിവുള്ള മുളകുപൊടിയും കറിവേപ്പിലയും തിളപ്പിച്ചെടുക്കുക. തിള വന്നു കഴിയുമ്പോഴേക്കും നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ചെമ്മീന്‍ അതിലേക്ക് ചേര്‍ത്ത് കൊടുത്ത് നന്നായി ഇളക്കുക. ശേഷം ചട്ടി മൂടിവെച്ച് നന്നായി തിളപ്പിച്ച് വേവിച്ചെടുക്കുക.

ചെമ്മീന്‍ വെന്ത് കഴിഞ്ഞ് വെള്ളമൊക്കെ വറ്റി വരുമ്പോഴേക്കും വേറൊരു പാന്‍ എടുത്ത് അതിലേക്ക് എണ്ണയൊഴിച്ച് എണ്ണ ചൂടായി വരുമ്പോള്‍ കടുകിട്ടു പൊട്ടിച്ച് അല്‍പം ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവയും കൂടി ചേര്‍ത്തു കൊടുത്ത് നന്നായി ഒന്ന് വഴറ്റിയെടുക്കുക. ഉള്ളി എല്ലാം ഒന്ന് വാടി വരുമ്പോഴേക്കും നമ്മള്‍ തയ്യാറാക്കി വേവിച്ചു വെച്ചിരിക്കുന്ന ചെമ്മീന്‍ ഇതിലേക്ക് ചേര്‍ക്കുക. ഈ സമയത്ത് കുടംപുളി എടുത്ത് മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഇവ ചെറിയ തീയില്‍ നന്നായി ഇളക്കിയെടുത്ത് യോജിപ്പിക്കുക. നല്ല രുചികരമായ ചെമ്മീന്‍ ഉലര്‍ത്തിയത് തയ്യാര്‍.

Latest News