പ്രശസ്ത ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എംഎല്‍എ കെ കെ ശൈലജ. പകരക്കാരിയായി നാടകരംഗത്തെത്തിയ കവിയൂര്‍ പൊന്നമ്മ മലയാള സിനിമയില്‍ പകരക്കാരില്ലാത്ത അഭിനേത്രിയായി വളര്‍ന്നു എന്നും അര നൂറ്റാണ്ടിലേറെയായി മലയാള നാടക സിനിമാരംഗത്ത് നിറഞ്ഞ നിന്ന സാന്നിധ്യമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും കെ കെ ശൈലജ കുറിച്ചു.
‘മലയാള സിനിമയുടെ പൊന്നമ്മക്ക് വിട. അര നൂറ്റാണ്ടിലേറെയായി മലയാള നാടക സിനിമാരംഗത്ത് നിറഞ്ഞ നിന്ന സാന്നിധ്യമായിരുന്നു കവിയൂര്‍ പൊന്നമ്മ. 65 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ ഏതു വേഷവും തനിക്ക് എളുപ്പം വഴങ്ങുമെന്ന് തെളിയിച്ച പൊന്നമ്മ പക്ഷേ അമ്മ വേഷങ്ങളിലാണ് മലയാള സിനിമയില്‍ കൂടുതല്‍ തിളങ്ങിയത്.
മികവുറ്റ അഭിനയത്തിലൂടെ അവര്‍ മലയാള സിനിമയുടെ അമ്മയായി സിനിമാസ്വാദകരുടെ മനസ്സില്‍ ഇടം നേടി. പകരക്കാരിയായി നാടകരംഗത്തെത്തിയ കവിയൂര്‍ പൊന്നമ്മ മലയാള സിനിമയില്‍ പകരക്കാരില്ലാത്ത അഭിനേത്രിയായി വളര്‍ന്നു. മലയാള സിനിമയുടെ അമ്മ മുഖത്തിന് പ്രിയപ്പെട്ട കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍.’ കെ കെ ശൈലജ കുറിച്ചു.
അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ 79 വയസില്‍ കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബര്‍ മൂന്നിന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഇന്ന് വൈകിട്ടോടെ അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ കളമശേരി മുന്‍സിപ്പല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരില്‍ സംസ്‌കരിക്കും.