ലോകം മുഴുവൻ പ്രാർത്ഥനയോടെ വീക്ഷിച്ച ഒന്നായിരുന്നു തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ടുപോയ കുട്ടികളുടെ വാർത്ത. ഗുഹാമുഖം അടഞ്ഞു പോയതാണ് കുട്ടികൾ അതിനുള്ളിൽ അകപ്പെട്ടുപോകാൻ ഇടയാക്കിയത്. മിക്കവാറും എല്ലാ നാടുകളിലും ഇത്തരത്തിലുള്ള ഗുഹകളുണ്ട്. മനുഷ്യനിൽ കൗതുകം ജനിപ്പിക്കാൻ ഈ ഗുഹകൾക്കു കഴിയുന്നുവെന്നത് തന്നെയാണ് സഞ്ചാരികളെ അങ്ങോട്ട് ആകർഷിക്കുന്നതിന് പുറകിലെ വലിയ കാര്യം. നമ്മുടെ നാട്ടിലും അത്ഭുതപ്പെടുത്തുന്ന
ട്രെക്കിങ്ങിനോട് താല്പര്യമുള്ളവർക്ക് ഈ ഗുഹായാത്ര ഏറെയിഷ്ടപ്പെടും. ആന്ധ്രാപ്രദേശിലെ കുർണൂലിൽ സ്ഥിതി ചെയ്യുന്ന ബേലും ഗുഹകൾ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗുഹയാണ്. 3229 മീറ്ററാണ് ഇതിന്റെ നീളം. 120 മീറ്റർ പിന്നിട്ടു കഴിയുമ്പോൾ ഗുഹയിലെ ഏറ്റവും ആഴമേറിയ സ്ഥലത്തെത്തും. പാതാളഗംഗ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഭൂരിപക്ഷം ഗുഹകളുടേയും ഉൾവശങ്ങളിൽ കാണുവാൻ കഴിയുന്ന സ്റ്റാലക്ടൈറ്റ്, സ്റ്റാലക്മൈറ്റ് പാറകൾ ഇവിടെയും രൂപപ്പെട്ടിരിക്കുന്നത് കാണാം. രാവിലെ പത്തുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് ഈ ഗുഹകൾക്കുള്ളിലേക്കു പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ളത്. ഒരു ചെറിയ തുക പ്രവേശനഫീസ് നൽകേണ്ടതാണ്. ശാന്തതയുടെ പര്യായമായ, വെള്ള നിറത്തിലുള്ള വലിയൊരു ബുദ്ധപ്രതിമ സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് അവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
അസഹനീയമാണ് ഗുഹയുടെ അകവശങ്ങളിൽ അനുഭവപ്പെടുന്ന ചൂട്. രണ്ടുപാളികളായാണ് ബേലുമിന്റെ ഉൾവശത്തെ ഘടന. പടികൾ പോലെയുള്ള ഭാഗങ്ങളിൽ ചവിട്ടി വേണം താഴ്ഭാഗത്തേക്കിറങ്ങാൻ. ഗുഹയ്ക്കുള്ളിൽ കാണുന്ന വെള്ളച്ചാട്ടമുൾപ്പെടുന്ന ഭാഗമാണ് പാതാളഗംഗ. ഭൂമിക്കടിയിലെ തുടർച്ചയായ ജലപ്രവാഹം കൊണ്ട് രൂപപ്പെട്ടതാണ് ഈ ഗുഹകൾ എന്നാണ് ചരിത്രരേഖകൾ പറയുന്നത്. ആദിമകാലത്തു ബുദ്ധ, ജൈന സന്യാസിമാർ ഇവിടെ താമസിച്ചിരുന്നുവെന്നതിന്റെ സൂചനകൾ ചരിത്രകാരന്മാർക്ക് ലഭ്യമായിട്ടുണ്ട്. ആ സന്യാസിമാരുടേതെന്നു കരുതുന്ന ശേഷിപ്പുകൾ ഇപ്പോൾ അനന്ത്പൂർ മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്. വലിയ പ്രാധാന്യമൊന്നും ലഭിക്കാതെ കിടന്നിരുന്ന ഈ ഗുഹയെക്കുറിച്ചു ഗവേഷകർ പഠനം നടത്താൻ തുടങ്ങിയത് ഈ അടുത്തകാലത്താണ്. 1988 ൽ ആന്ധ്രാപ്രദേശ് ഗവണ്മെന്റ് ഈ ഗുഹകൾ സംരക്ഷിക്കുന്നതിനായി മുന്നോട്ടു വരുകയും വിനോദസഞ്ചാര മേഖലയായി ബേലും ഗുഹയെ പ്രഖ്യാപിക്കുകയും ചെയ്തു.
ഉൾവശത്തേക്കു ചെല്ലുമ്പോൾ ഭയപ്പെടുത്തുമെങ്കിലും ഗുഹയിലെ കാഴ്ചകൾ വിസ്മയകരമാണ്. പൂച്ചകവാടം എന്നാണ് ഗുഹാകവാടം അറിയപ്പെടുന്നത്. സ്റ്റാലക്ടൈറ്റ്, സ്റ്റാലക്മൈറ്റ് പാറകൾ രൂപം നൽകിയിരിക്കുന്ന ശിവലിംഗം ഈ ഗുഹയ്ക്കുള്ളിലെ ഒരു പ്രധാനാകര്‍ഷണമാണ്. സംഗീതം പുറപ്പെടുവിക്കുന്ന സപ്തസ്വരലാ, സർപ്പങ്ങളുടെ തലകൾ പോലെ തോന്നിപ്പിക്കുന്ന പാറയിലുള്ള രൂപങ്ങൾ, ആൽമര വള്ളികളെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ചെറു പാറകൾ തൂങ്ങിക്കിടക്കുന്ന ഹാൾ തുടങ്ങി കൗതുകം പകരുന്ന നിരവധി കാഴ്ചകൾ ഈ ഗുഹയ്ക്കുള്ളിലുണ്ട്. കുർണൂലിൽ നിന്നും അധികം അകലെയല്ല ഗണ്ടിക്കോട്ട. കടപ്പയ്ക്കടുത്ത് ചെറിയൊരു ഗ്രാമപ്രദേശമാണത്. ഗണ്ടിക്കോട്ടയിൽ പ്രകൃതി ഒരു വിസ്മയം കാത്തുവെച്ചിട്ടുണ്ട്. ബേലും ഗുഹകൾ പോലെ തന്നെ ആ കാഴ്ചയും സഞ്ചാരികളെ അത്ഭുതപ്പെടുത്തും. പെണ്ണാർ എന്ന് പേരുള്ള പുഴക്കരയിലാണ് പ്രശസ്തമായ ആ മലയിടുക്കുകൾ സ്ഥിതി ചെയ്യുന്നത്. ചുവന്ന കരിങ്കല്ലുകൾ അടുക്കിവെച്ചിരിക്കുന്ന മലയിടുക്കുകൾ. പ്രകൃതി സമ്മാനിച്ചിരിക്കുന്ന ഈ സുന്ദരദൃശ്യങ്ങൾ അവര്ണനീയം തന്നെയാണ്. ഈ മലയിടുക്കുകളുടെ സമീപത്തായി പന്ത്രണ്ടാം നൂറ്റാണ്ടിൽ ചാലൂക്യ രാജാവാണ് തങ്ങളുടെ രാജ്യസംരക്ഷണാർത്ഥം കോട്ട പണിതതെന്നു പറയപ്പെടുന്നു. ഈ കോട്ടയ്ക്കുള്ളിൽ യാത്രികരെ കാത്ത് നിരവധി പൗരാണിക കാഴ്ചകളുണ്ട്.
കുറ്റവാളികളെ ശിക്ഷിക്കുന്നതിനായി കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച ജയിലും ചാര്‍മിനാറിനോട് സാദൃശ്യം തോന്നിക്കുന്ന ജാമിയ മസ്ജിദ് എന്ന മുസ്ലിം പള്ളിയും ഇതിനകത്താണ് സ്ഥിതി ചെയ്യുന്നത്. വലിയ കുളം, ധാന്യപ്പുര, കാലം നാമാവശേഷമാക്കിയെങ്കിലും പൗരാണികത പേറുന്ന ക്ഷേത്രങ്ങൾ എന്നിവയൊക്കെ ഈ കോട്ടയ്ക്കുള്ളിലെ കാഴ്ചകളാണ്. അക്കാലത്തെ രാജാക്കൻമാരുടെ ഭാവനയും വാസ്തുശില്പികളുടെ കരവിരുതുമൊക്കെ വെളിപ്പെടുത്തുന്നുണ്ട് അവിടെയുള്ള ഓരോ നിര്‍മിതികളും. പ്രകൃതി പണിതുയർത്തിയിരിക്കുന്ന ഈ അതിശയിപ്പിക്കുന്ന കാഴ്ചകൾ ഓരോ സഞ്ചാരിയ്ക്കും കണ്ണിനിമ്പം പകരുന്ന കാഴ്ചകൾ സമ്മാനിയ്ക്കും കൂടെ മനുഷ്യന്റെ ഭാവനയും കായികാധ്വാനവും വെളിപ്പെ]ടുത്തുന്ന നിർമിതികൾ കൂടിയാകുമ്പോൾ മനസ് നിറയ്ക്കുന്ന അനുഭവങ്ങളായിരിക്കും ഇവ കാഴ്ചക്കാർക്ക് സമ്മാനിക്കുക.
STORY HIGHLLIGHTS: belum-caves-trip