തിരുവനന്തപുരം വെള്ളനാട് തട്ടുകടയുടെ ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ സി.പി.എം ജില്ലാപഞ്ചായത്തംഗം വെള്ളനാട് ശശി സ്ത്രീകളെയും കുട്ടിയെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. തട്ടുകടയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ‘ഊണ് റെഡി’ എന്ന ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അരുൺ എന്നയാളുടെ കടയിലായിരുന്നു പരാതിയ്ക്ക് അടിസ്ഥാനമായ സംഭവം നടന്നത്.
അരുണിന്റെ ഭാര്യയും അമ്മയുമായി വെള്ളനാട് ശശി തർക്കത്തിലേർപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം വീഡിയോയിൽ പകർത്താൻ ശ്രമിച്ച എട്ട് വയസ്സുകാരനായ കുട്ടിക്ക് നേരെയും ഇയാൾ ആക്രമണം നടത്തി.
സംഭവത്തിൽ, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. 10,000 രൂപ ശശി പിരിവ് ചോദിച്ചിരുന്നു. എന്നാൽ, 2000 മാത്രമേ നൽകാനാകൂ എന്ന് പറഞ്ഞതിലുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കേസെടുത്ത് സംഭവം അന്വേഷിക്കുമെന്ന് ആര്യനാട് സി.ഐ. അറിയിച്ചു.
STORY HIGHLIGHT: cpm district panchayat member assaulted women and children