ഒമാനിൽ പുതിയ സ്‌കൂളുകളുടെ നിർമാണത്തിനു മന്ത്രിസഭാ കൗൺസിലിന്റെ അനുമതി. ഇതിനായി പഞ്ചവത്സര പദ്ധതിക്കു പുറമെ 40 മില്യൺ റിയാൽ അനുവദിച്ചു. സലാലയിലെ അൽ മമൂറ പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ വിദ്യാഭ്യാസം, സാമ്പത്തികം ,വികസനം എന്നിവയിൽ സുപ്രധാന ദേശീയ തീരുമാനങ്ങൾ കൈക്കൊണ്ടു.
പുതിയ സ്‌കൂളുകളുടെ നിർമാണം ത്വരിതപ്പെടുത്തുന്നതിന് നിലവിലെ പഞ്ചവത്സര പദ്ധതിക്ക് പുറമെ 40 മില്യൺ റിയാൽ അധികമായി കൗൺസിൽ അനുവദിച്ചു, വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്ന ഗവർണറേറ്റുകൾക്കാണ് മുൻഗണന. സ്വകാര്യ മേഖലയിലെ തൊഴിൽ ശക്തിപ്പെടുത്തുന്നതിന് 50 ദശലക്ഷം റിയാൽ അധികമായി അനുവദിക്കാനും അംഗീകാരം നൽകി. തൊഴിലവസരങ്ങൾ സൃഷടിക്കുന്നത് രാജ്യത്തിന്റെ പ്രധാന മുൻഗണനകളിലൊന്നാണെന്ന് കൗൺസിൽ ഊന്നിപ്പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള സുപ്രധാന നീക്കം എന്ന നിലയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും അഡ്വാൻസ്ഡ് ഡിജിറ്റൽ ടെക്‌നോളജീസിനും വേണ്ടിയുള്ള ദേശീയ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. ഒരു മില്യൺ സന്ദർശകർ എത്തിയ ഖരീഫ് സീസണിനെ കുറിച്ചും കൗൺസിൽ ചർച്ച ചെയ്തു. ഫെസ്റ്റിവൽ സംഘാടകരെയും സ്ഥാപനങ്ങളെയും സുൽത്താൻ അഭിനന്ദിച്ചു. വരാനിരിക്കുന്ന സീസണുകളിലും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉറപ്പാക്കുന്നതിനവശ്യമായ പദ്ധതികളുടെ ആവശ്യകതയെ കുറിച്ചും സുൽത്താൻ സംസാരിച്ചു.